
അടൂർ: കെട്ടിടനികുതിയായി പരിച്ചെടുത്ത തുക സർക്കാരിലേക്ക് അടയ്ക്കാതെ വഞ്ചന നടത്തിയെന്ന അടൂർ തഹസീൽദാരുടെ പരാതിയിൽ കുരമ്പാല വില്ലേജ് ഓഫീസ് ജീവനക്കാരനെതിരെ അടൂർ പൊലീസ് കേസെടുത്തു. പള്ളിക്കൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായി നേരത്തെ ജോലി നോക്കിയിരുന്ന കെ.പി ബിനുവിനെതിരെയാണ് കേസ്. പള്ളിക്കൽ വില്ലേജിൽ ബിനു ജോലി നോക്കിവരവെ 2019 ഡിസംബർ 24 നും കഴിഞ്ഞ വർഷം ജൂൺ പതിനേഴിനുമിടയിൽ കെട്ടിടനികുതി അടയ്ക്കാനെത്തിയവർ നൽകിയ 27,400 രൂപ സർക്കാരിലേക്കടച്ചില്ലെന്നാണ് പരാതി. തെങ്ങമം ശ്രീകൃഷ്ണ ഭവനിൽ താരാദേവി യോട് 6000 രൂപയും തോട്ടുവ അമ്പാടിയിൽ ജ്യോതിഷ് കുമാറിനോട് 3900 രൂപയും ശൂരനാട് നോർത്ത് കയ്പ്പള്ളിൽ ഡോ.സതീഷ് കുമാറിനോട് 17500 രൂപയും ഇത്തരത്തിൽ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. കെട്ടിടനികുതി ലഭിക്കാതിരുന്നതോടെ വില്ലേജ് ഓഫീസർ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്താകുന്നത്. സതീഷ് കുമാർ ഹാജരാക്കിയ പണം അടച്ച രസീതുമായി രേഖകൾ പരിശോധിച്ചപ്പോൾ തുക സർക്കാരിലേക്ക് അടച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പള്ളിക്കൽ വില്ലേജ് ഓഫീസർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസീൽദാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബിനു ഇപ്പോൾ കുരമ്പാല വില്ലേജ് ഒാഫീസിലാണ് ജോലിചെയ്യുന്നത്.