blasters

തിലക് മൈതാൻ: ഭൂരിപക്ഷം കളിക്കാരെയും കൊവിഡ് കഴിഞ്ഞയാഴ്ച കീഴടക്കിയെങ്കിലും പരമ്പരാഗത വൈരികളായ ബംഗളൂരു എഫ് സിക്കെതിരെ ശക്തമായ ടീമിനെ തന്നെ അണിനിരത്തിയിരിക്കുകയാണ് ബ്ളാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച്. പതിനേഴ് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ളാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നതെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. മാച്ച് ഫിറ്റ്നസ് പ്രശ്നം തന്നെയാണെന്ന് ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പരിശീലകൻ വുകോമാനോവിച്ച് തുറന്ന് പറഞ്ഞിരുന്നു. കബഡി മത്സരത്തിനുള്ള കളിക്കാ‌ർ ടീമിലുണ്ടെന്നും പക്ഷേ ഇത് ഫുട്ബാൾ മത്സരമാണെന്നുമായിരുന്നു കളിക്കാരുടെ ആരോഗ്യനിലയെകുറിച്ചുള്ള മാദ്ധ്യമപ്രവ‌ർത്തകരുടെ ചോദ്യത്തിന് വുകോമാനോവിച്ച് നൽകിയ മറുപടി.

പരിക്കേറ്റ ക്യാപ്ടൻ ജെസലിന് പകരം നിഷുകുമാർ തന്നെയായിരിക്കും പ്രതിരോധത്തിൽ ഇറങ്ങുക. കഴിഞ്ഞ മത്സരത്തിലും നിഷുകുമാർ തന്നെയാണ് ജെസലിന് പകരം കളത്തിലിറങ്ങിയത്. ജെസലിന്റെ അഭാവത്തിൽ അഡ്രിയാൻ ലൂണ ഇന്നും ടീമിനെ നയിക്കും.

ടീം: ഗോൾകീപ്പർ: പ്രഭ്സുഖൻ സിംഗ് ഗിൽ; പ്രതിരോധനിര: ഹോർമിപാം, നിഷു കുമാർ, മാർക്ക് ലെസ്കോവിച്ച്; മദ്ധ്യനിര: പുട്ടിയ, ഹർമൻജോത് സിംഗ് ഖബ്ര, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ നിക്കോളാസ് ലൂണ, ജീക്‌സൺ സിംഗ്; മുന്നേറ്റനിര: പെരേര ഡയസ്, അൽവാരോ വാസ്ക്വസ് ഗാർസിയ