
കിഴക്കമ്പലം: അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ വളർത്തുപൂച്ചയുടെ കുഞ്ഞുങ്ങളെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ. ഐരാപുരം മഴുവന്നൂർ ചവറ്റുകുഴിയിൽ സിജോ ജോസഫിനെയാണ് (30) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ യുവതിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. സിജോയാടെ വീട്ടിലേക്ക് വഴി നൽകുന്നത് സംബന്ധിച്ച് നാളുകളായി യുവതിയുടെ വീട്ടുകാരുമായി തർക്കം നിലനിൽക്കുന്നുണ്ട്. യുവതിയുടെ വളർത്തുപൂച്ച കഴിഞ്ഞദിവസം പ്രസവിച്ചിരുന്നു. പൂച്ച കുഞ്ഞുങ്ങളുമായി സിജോയുടെ വീടിന്റെ ടെറസിൽ എത്തുന്നത് പതിവാണ്. ഇക്കുറി എത്തിയ പൂച്ചയെ ഓടിച്ചശേഷം കുഞ്ഞുങ്ങളെ തല്ലിക്കൊല്ലുകയായിരുന്നു. പൂച്ചക്കുഞ്ഞുങ്ങളെ ഇയാൾ തല്ലിക്കൊല്ലുന്നത് യുവതിയുടെ സഹോദരി വീടിന്റെ ടെറസിൽനിന്ന് മൊബൈലിൽ ഷൂട്ട് ചെയ്തിരുന്നു. പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ യുവതി പങ്കുവച്ചതോടെ സംഭവം വൈറലായി. സംഭവമറിഞ്ഞ ജില്ലാ പെലീസ് മേധാവി കെ. കാർത്തിക്ക് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനൊടുവിൽ അയൽവാസിയെ അറസ്റ്റ് ചെയ്തു. പെയിന്റിംഗ് തൊഴിലാളിയാണ് ഇയാൾ. ജന്തുക്കളോടുള്ള ക്രൂരത തടയൽ നിയമം (ഐ.പി.സി 429) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
യുവതിയുടെ സോഷ്യൽമീഡിയ പോസ്റ്റെത്തി 12 മണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്തിയ കുന്നത്തുനാട് പൊലീസിനെ കൈയടിയോടെയാണ് സോഷ്യൽമീഡിയ വരവേറ്റത്. എസ്.എച്ച്. ഒ സജി മാർക്കോസ്, എസ്.ഐമാരായ എം.പി. എബി, കെ.ടി. ഷൈജൻ, കെ.ആർ. ഹരിദാസ്, എ.എസ്. ഐ അനിൽകുമാർ, എസ്.സി.പി.ഒ പി.എ. അബ്ദുൾ മനാഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.