
വടക്കാഞ്ചേരി: തൃശൂർ ഗവ: മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാരിയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. പാലക്കാട് ആനക്കര സ്വദേശി മൂച്ചിക്കൂട്ടത്തിൽ വീട്ടിൽ നിമിഷ (30) യ്ക്ക് നേരെയാണ് ആശുപത്രിയിലെ രോഗിയെ കാണാനെത്തിയ യുവാവ് കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പരാതി. ഇന്നലെ 8 മണിയോടെയാണ് സംഭവം. കാറിൽ ആശുപത്രി മുറ്റത്തെത്തിയ യുവാവ് ഡോക്ടർമാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് തന്റെ വാഹനം പാർക്ക് ചെയ്യാനൊരുങ്ങിയതാണ് സംഭവത്തിന് തുടക്കം. കാർ മാറ്റി പാർക്ക് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോൾ അസഭ്യം പറയുകയും സുരക്ഷാ ജീവനക്കാരി തിരിഞ്ഞു നടക്കുന്നതിനിടെ കാർ വേഗത്തിലെടുത്ത് ഇടിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. കാലിന്റെ തൊട്ടടുത്ത് വച്ചാണ് യുവാവ് ബ്രേക്ക് ചെയ്തതെന്നും ഭാഗ്യംകൊണ്ട് മാത്രമാണ് അപകടത്തിൽപ്പെടാതിരുന്നതെന്നും നിമിഷ പറയുന്നു. കണ്ടു നിന്ന നാട്ടുകാരും മറ്റ് സുരക്ഷ ജീവനക്കാരും ഇടപെട്ടതിനെതുടർന്ന് യുവാവ് വാഹനമെടുത്ത് സ്ഥലം വിട്ടു. ഇയാളുടെ പേര് വിവരങ്ങൾ ശേഖരിച്ചതായും സുരക്ഷാവിഭാഗം ജീവനക്കാർക്കെതിരെയുള്ള അതിക്രമം അംഗീകരിക്കാനാവില്ലെന്നും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നും അധികൃതർ അറിയിച്ചു.
നിമിഷ.