
മാനന്തവാടി: എടവക മൂളിത്തോട് പളളിക്കൽ ദേവസ്യയുടെ മകൾ റിനിയുടേയും ഗർഭസ്ഥ ശിശുവിന്റേയും മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ്. ജ്യൂസിൽ വിഷം നൽകിയതാണ് അമ്മയും കുഞ്ഞും മരിക്കാൻ കാരണമെന്നും കുട്ടിയുടെ പിതാവ് റഹീമാണെന്ന് ഡി.എൻ.എ ടെസ്റ്റിൽ തെളിഞ്ഞതായും പൊലീസ് പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് മൂളിത്തോടുകാരനായ പുതുപറമ്പിൽ റഹീമിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാന്റിലാവുകയും ചെയ്തിരുന്നു. എന്നാൽ കൊലപാതകമാണെന്ന കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
പനിയും ഛർദ്ദിയും ബാധിച്ചാണ് 2021 നവംബർ 18 ന് റിനിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രോഗം മൂർഛിച്ചതിനെ തുടർന്ന് പിറ്റേന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ആദ്യം ഗർഭസ്ഥശിശുവും പിന്നീട് റിനിയും മരണപ്പെടുകയായിരുന്നു.
അന്ന് തന്നെ നാട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. വിവാഹ മോചനകേസിൽ നിയമനടപടി സ്വീകരിച്ചിരുന്ന റിനി അഞ്ച് മാസം ഗർഭിണിയായിരുന്നു. റിനിയുടെ കുടുംബവുമായി അടുത്തബന്ധം പുലർത്തിയിരുന്ന മൂളിത്തോട് താമസിക്കുന്ന ഓട്ടോ ഡ്രൈവർ 53 കാരനായ പുതുപറമ്പിൽ റഹീമിന്റെ പേര് അന്ന് തന്നെ ഉയർന്നിരുന്നു. കേസിനും മറ്റുമായി ഓട്ടോറിക്ഷയിൽ കൊണ്ടുപോകുമ്പോൾ ജൂസിൽ വിഷം കലർത്തി റിനിക്ക് നൽകിയെന്നായിരുന്നു ആരോപണം. കോൺഗ്രസും ബി.ജെ.പി.യും പ്രതിഷേധവുമായി രംഗത്ത്വരികയും കല്ലോടി പള്ളിയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തതിന് ശേഷമാണ് മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മാനന്തവാടി പൊലീസ് നവജാത ശിശുവിന്റെ ഡി.എൻ.എ ടെസ്റ്റ് നടത്തിയിരുന്നു. റഹീമിനെതിരെ കൊലക്കുറ്റത്തിനും ഭ്രൂണഹത്യയ്ക്കും കേസെടുത്തു.