
നിലമ്പൂർ: നിലമ്പൂർ മമ്പാട് 55 കാരിയായ വീട്ടമ്മയെ ക്രൂരമായ ലൈംഗിക പീഡനവും മാരകമായ ദേഹോപദ്രവവും ഏൽപ്പിച്ച സംഭവത്തിൽ 17 കാരൻ പൊലീസ് പിടിയിൽ. കഴിഞ്ഞ 28ന് ഉച്ചയ്ക്ക് ഭർത്താവ് പള്ളിയിൽ പോയ സമയത്ത് ഒറ്റയ്ക്കായിരുന്ന സ്ത്രീയുടെ വീട്ടിലേക്ക് യുവാവ് പിൻവാതിലിലൂടെ കയറിവന്ന് ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകളും ഇയാൾ മോഷ്ടിച്ചു. വീട്ടമ്മ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രക്ഷപ്പെട്ട പ്രതിയെ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദേശ പ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ എബ്രഹാമിന്റെ നേതൃത്തിൽ എസ്.ഐ നവീൻ ഷാജ്, എം. അസൈനാർ, സുനിൽ എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് രാത്രി പത്തുമണിയോടെ പിടികൂടി. പ്രതി മുമ്പും കോഴിക്കോട് പന്തീരാങ്കാവ് പൊലീസിൽ ബൈക്ക് മോഷണ കേസിൽ പിടിയിലായിട്ടുണ്ട്. കവർച്ചചെയ്ത മൊബൈൽഫോണുകളിൽ ഒരെണ്ണം മഞ്ചേരി മൊബൈൽ ഷോപ്പിലും മറ്റൊരെണ്ണം കോഴിക്കോട് സുഹൃത്തിനും വിറ്റതായി പ്രതി മൊഴി നൽകി.
സ്വന്തമായി ബൈക്ക് വാങ്ങാൻ പണം കണ്ടെത്താനാണ് മോഷണം നടത്താൻ എത്തിയതെങ്കിലും എതിർത്ത വീട്ടമ്മയ്ക്ക് ക്രൂരമായ പീഡനമാണ് ഏൽക്കേണ്ടിവന്നത്. പിടിവലിക്കിടയിൽ പ്രതിയുടെ കൈത്തണ്ടയിൽ വീട്ടമ്മയുടെ കടിയേറ്റ പാടും കാണുന്നുണ്ട്. വീട്ടമ്മക്ക് തോൾ എല്ലിനും തലയോട്ടിക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. പ്രതിയെ തെളിവെടുപ്പിന് ശേഷം ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കും, സംഭവ സ്ഥലത്ത് ഉയർന്ന ഉദ്യോഗസ്ഥരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.