
ചലച്ചിത്രരംഗത്ത് സ്ത്രീകൾ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് പഠിച്ച് അവയ്ക്ക് പരിഹാരമാർഗം നിർദ്ദേശിക്കാൻ ഒന്നാം പിണറായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് വർഷങ്ങളായിട്ടും അതിൻമേൽ ഇനിയും നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല. സർക്കാർ ഖജനാവിൽ നിന്ന് പണം സ്വീകരിച്ചാണ് കമ്മിറ്റി തെളിവെടുപ്പ് നടത്തിയത്. ചലച്ചിത്ര മേഖലയിലെ പല സ്ത്രീകളും കമ്മിറ്റി മുമ്പാകെ മൊഴി നൽകിയിരുന്നു. സിനിമ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ള്യു സി.സി ആവർത്തിച്ച് ആവശ്യപ്പെട്ടതിനെ തുടർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാനായി ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥരുടെ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. സർക്കാർ പണം വിനിയോഗിച്ച് പ്രവർത്തിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ആരെയാണ് ഭയപ്പെടുന്നതെന്ന് അറിയാൻ ഈ നാട്ടിൽ കരമടച്ച് ജീവിക്കുന്ന എല്ലാവർക്കുംആഗ്രഹമുണ്ട്.റിപ്പോർട്ട് പരസ്യപ്പെടുത്തുകയും അതിൻമേൽ ആവശ്യമായ നടപടി സ്വീകരിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടത്.