fhthg

ഇസ്ലാമാബാദ് : ഇന്ത്യക്ക് പുറമെ പാകിസ്ഥാനിലും കർഷക രോഷം ആളിക്കത്തുന്നതായി റിപ്പോർട്ട്.

രാജ്യത്തെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾക്കെതിരെ പാകിസ്ഥാനിലെ പ്രമുഖ കർഷക സംഘടനയായ കിസാൻ ഇത്തിഹാദിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തുമെന്ന് കർഷകർ അറിയിച്ചു. മുൾട്ടാനിൽ നിന്ന് ഫെബ്രുവരി 14ന് മാർച്ച് ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷക റാലികൾ മുൾട്ടാനിൽ സംയോജിക്കുകയും പിന്നീട് അവിടെ നിന്ന് എല്ലാവരും ഒരുമിച്ച് ലാഹോറിലേക്കും തലസ്ഥാനമായ ഇസ്ലാമാബാദിലേക്കും നീങ്ങുമെന്നും കിസാൻ എത്തിഹാദ് ചെയർമാൻ ഖാലിദ് മഹ്മൂദ് പറഞ്ഞു. ഫെബ്രുവരി മാസത്തിൽ രാജ്യവ്യാപകമായി കർഷക പ്രതിഷേധ മാ‌ർച്ചുകൾ സംഘടിപ്പിക്കുമെന്നും ഫെബ്രുവരി അവസാനത്തോടെയാണ് മാർച്ച് തലസ്ഥാനത്ത് എത്തുമെന്നുമാണ് കർഷകരുടെ വാദം. വളം, കീടനാശിനി എന്നിവയുടെ ദൗർലഭ്യം സാമ്പത്തിക മേഖലയിലെ പ്രതിസന്ധി,​ കർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ എന്നിവയ്ക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. യൂറിയ കിട്ടാനില്ലാത്ത അവസ്ഥയുണ്ടെന്നും കിട്ടിയാൽ തന്നെ താങ്ങാനാവാത്ത വിലയാണ് ഈടാക്കുന്നതെന്നും അവർ പറയുന്നു. അതേ സമയം കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഫെബ്രുവരി അവസാനത്തോടെ മാർച്ച് സംഘടിപ്പിക്കാൻ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കർഷകരുടെ പ്രശ്നങ്ങൾക്ക് സർക്കാർ ചെവികൊടുക്കുന്നില്ലെന്നും കുറഞ്ഞ വിലയ്ക്ക് കർഷകന് ആവശ്യമായ സാധനങ്ങൾ എത്തിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.