
അബുദാബി: അറബ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രയേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് യു.എ.ഇ സന്ദർശിച്ചു. ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രസിഡന്റിനെ അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഭാര്യ മൈക്കൽ ഹെർസോഗിനൊപ്പമാണ് ഇസാക് യു.എ.ഇ സന്ദർശനത്തിനെത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തോടൊപ്പം യു.എ.ഇ യിലെ ഇസ്രയേൽ അംബാസഡറായ അമീർ ഹയക് ഉൾപ്പെടെയുള്ളയുള്ളവരും പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്. യു.എ.ഇ യിലെത്തിയ ഹെർസോഗിനോടുള്ള ആദരസൂചകമായി 21 പീരങ്കി വെടികൾ മുഴക്കിയാണ് സ്വാഗതം ചെയ്തത്. ഗൾഫ് മേഖലയിലെ ഐക്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ചർച്ചകൾ നടത്തുമെന്ന് ഇസ്രായേൽ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. യു.എ.ഇയുടെ സുരക്ഷാ ആവ
ശ്യങ്ങളേയും നിലപാടുകളേയും ഇസ്രയേൽ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് ഹെർസോഗ് പ്രസ്താവിച്ചു. മേഖലയിലെ സുരക്ഷാ പ്രശ്നങ്ങളേയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ചർച്ച നടത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് അബുദാബിയിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ ഇസ്രായേൽ ശക്തമായി അപലപിക്കുകയും യു.എ.ഇ യ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇസ്രയേൽ പ്രധാനമന്ത്രി നഫ്ത്താലി ബെന്നറ്റും യു.എ.ഇ സന്ദർശിച്ചിരുന്നു.