
ബീജിംഗ്: ശൈത്യകാല ഒളിമ്പിക്സിന് മുന്നോടിയായി ബീജിംഗിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോട്ടലുകളിൽ മനുഷ്യന് പകരും ഇനി റോബോട്ടുകളുടെ സേവനം ഉറപ്പാക്കും.മനുഷ്യ സംസർഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷണം, റൂം സർവ്വീസ് എന്നിവയ്ക്കായാണ് ഹോട്ടലുകളിൽ റോബോട്ടുകളെ പരീക്ഷിക്കുന്നത്. ഇവിടെയെത്തുന്ന വിദേശികൾക്കും മറ്റുമായുള്ള ഹോട്ടലുകളിലും ഗസ്റ്റ്ഹൗസുകളിലുമാണ് പുതിയരീതി പരീക്ഷിക്കുന്നത്. രണ്ടു വർഷമായി കൊറോണപ്രോട്ടോകോൾ കാരണം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. ഈ കാരണത്താൽ ലോകമാസകലം മനുഷ്യസമ്പർക്കം ഒഴിവാക്കാൻ കൂടുതലായി ഓട്ടോമാറ്റിക് യന്ത്രങ്ങളെ ആശ്രയിക്കുന്ന പതിവ് ഏറിവരികയാണ്. രണ്ടു വർഷത്തോളമായി കൊവിഡിനെ ചെറുക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം രാജ്യത്ത് നടപ്പിലാക്കുന്നത്. വിവിധ ലോകരാജ്യങ്ങളിൽ നിന്ന് ഒളിമ്പിക്സിനായി
നൂറുകണക്കിന് കായികതാരങ്ങൾ എത്തിച്ചേരുന്ന സാഹചര്യത്തിലാണ് അവശ്യസേവനങ്ങൾക്ക് റോബോട്ടുകളെന്ന ആശയം നടപ്പാക്കുന്നതിനെ പറ്റി അധികൃതർ ചിന്തിച്ചത്. അതേ സമയം സ്‌ക്രീനിൽ പിൻകോഡ് ടൈപ്പ് ചെയ്യുമ്പോൾ അതിഥിക്കുമുന്നിൽ ഭക്ഷണം വിതരണം ചെയ്യുന്ന റോബോട്ടിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആവശ്യപ്പെട്ട ഭക്ഷണം നൽകിയശേഷം തനിയെ കൗണ്ടർ അടച്ച് റൂമിൽ നിന്നു തിരിച്ചുപോകുന്ന രംഗവും വീഡിയോയിലുണ്ട്.
അതേ സമയം കഴിഞ്ഞ ഒന്നര വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളാണ് നിലവിൽ ബീജിംഗിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശീതകാല ഒളിമ്പിക്സ് ആരംഭിക്കാൻ അഞ്ച് ദിവസം കൂടി ബാക്കി നിൽക്കെ ഒളിമ്പിക്സ് കൊവിഡ് ബബിളിനകത്ത് മാത്രം 36 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദിവസവും 60,000 പേരാണ് ബയോ ബബിളിൽ മാത്രം ബീജിങ്ങിൽ കൊവിഡ് പരിശോധനക്ക് വിധേയരാകുന്നത്. ബബിളിൽ 100ൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.