
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ ഡാനി മെദ്‌വെദെവിനെ പരാജയപ്പെടുത്തിയശേഷം റാഫേൽ നദാൽ സംസാരിച്ചത് വികാരാധീനനായി. തനിക്ക് പറയാൻ വാക്കുകൾ ലഭിക്കുന്നില്ലെന്നും ഈ വിജയം തന്റെ ടെന്നിസ് ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷമാണെന്നും നദാൽ പറഞ്ഞു.
ഒന്നരമാസം മുമ്പ് തനിക്ക് ടെന്നിസിലേക്ക് മടങ്ങിവരാൻ പോലും സാധിക്കുമോ എന്ന് പോലും ഉറപ്പ് പറയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നെന്നും കരിയർ തന്നെ അവസാനിപ്പിക്കാൻ താൻ തീരുമാനിച്ചിരുന്നതായും നദാൽ പറഞ്ഞു. എന്നാൽ ഇനിയും ഒട്ടേറെ മത്സരങ്ങൾ ജയിക്കാനുള്ള ഊർജവും ആത്മവിശ്വാസവും ഈയൊരൊറ്റ വിജയത്തിലൂടെ തനിക്ക് ലഭിച്ചെന്നും ഇനിയും ഒരുപാട് നാളുകൾ താൻ ടെന്നിസ് കളിക്കുമെന്നും നദാൽ കൂട്ടിച്ചേർത്തു. ഒരു മാസം മുമ്പ് നദാലിന് കൊവിഡ് പിടിപ്പെട്ടിരുന്നു.
ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ പുരുഷതാരമെന്ന റെക്കാഡ് ഈ വിജയത്തോടെ നദാലിന് സ്വന്തമായി. 21 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് നദാലിന്റെ പേരിൽ ഉള്ളത്. തൊട്ട് താഴെയുള്ള ഫെഡററിനും ജോക്കോവിച്ചിനും 20 കിരീടങ്ങൾ വീതമാണുള്ളത്. 14 കിരീടങ്ങൾ സ്വന്തമാക്കിയ പീറ്റ് സാംപ്രസാണ് മൂന്നാം സ്ഥാനത്ത്.
അഞ്ച് സെറ്റ് നീണ്ട ഫൈനൽ മത്സരത്തിൽ 2-6, 6-7(5), 6-4, 6-4, 7-5 എന്ന സ്കോറിനാണ് റഷ്യയുടെ ഡാനി മെദ്‌വെദെവിനെ നദാൽ അടിയറവ് പറയിച്ചത്. ആദ്യ രണ്ട് സെറ്റുകളിലും പരാജയപ്പെട്ട നദാൽ അവസാന മൂന്ന് സെറഅറുകളിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.