
ബെംഗളുരു എഫ്.സി 1-0ത്തിന് കേരള ബ്ളാസ്റ്റേഴ്സിനെ തോൽപ്പിച്ചു
മഡ്ഗാവ് : ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് വിരാമമിട്ട് ബെംഗളുരു എഫ്.സി. കൊവിഡ് കാരണം കഴിഞ്ഞ രണ്ടാഴ്ചയായി കളത്തിലിറങ്ങാതിരുന്ന ബ്ളാസ്റ്റേഴ്സിനെ ഇന്നലെ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളുരു കീഴടക്കുകയായിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 56-ാം മിനിട്ടിൽ ഒരു ഫ്രീകിക്കിൽനിന്ന് റോഷൻ സിംഗ് നേടിയ ഗോളിലൂടെയായിരുന്നു ബെംഗളുരുവിന്റെ വിജയം.
ഇതോടെ ഐ.എസ്.എൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം വീണ്ടെടുക്കാനുള്ള ബ്ളാസ്റ്റേഴ്സിന്റെ അവസരം നഷ്ടമായി. 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ്. 13കളികളിൽ നിന്ന് 23 പോയിന്റുമായി ഹൈദരാബാദ് എഫ്.സിയാണ് പട്ടികയിൽ ഒന്നാമത്. 12കളികളിൽ നിന്ന് 22 പോയിന്റുമായി ജംഷഡ്പുർ എഫ്.സി രണ്ടാമതുണ്ട്. ഇന്നലത്തെ വിജയത്തോടെ 14കളികളിൽ നിന്ന് 20 പോയിന്റായ ബെംഗളുരു എഫ്.സി നാലാമതെത്തി.
ഈ സീസണിൽ ബ്ളാസ്റ്റേഴ്സിന്റെ രണ്ടാമത്തെ മാത്രം തോൽവിയായിരുന്നു ഇന്നലത്തേത്.