dealshare

കൊച്ചി: ഇ-കൊമേഴ്‌സ് സ്‌റ്റാർട്ടപ്പ് കമ്പനിയായ ഡീൽഷെയർ 16.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം നേടി. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 160 കോടി ഡോളറിലെത്തി. നിലവിലെ നിക്ഷേപകരായ ടൈഗർ ഗ്ളോബൽ, ആൽഫവേവ് ഗ്ളോബൽ എന്നിവയ്ക്ക് പുറമേ ഡ്രാഗനീർ ഇൻവെസ്‌റ്റ്‌മെന്റ്‌സ് ഗ്രൂപ്പ്, കോറ കാപ്പിറ്റൽ, യൂണിലിവർ വെഞ്ച്വേഴ്‌സ് എന്നിവയിൽ നിന്നുമാണ് ഡീൽഷെയർ നിക്ഷേപം സ്വന്തമാക്കിയത്.

സമീപഭാവിയിൽ തന്നെ 100 കോടി ഡോളർ വരുമാനമെന്ന നേട്ടം സ്വന്തമാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സാങ്കേതികവിദ്യ, ഡേറ്റാ സയൻസ് എന്നിവയ്ക്കൊപ്പം ലോജിസ്‌റ്റിക്‌സ് ഇൻഫ്രാസ്‌ട്രക്‌ചർ സൗകര്യങ്ങൾ പത്തുമടങ്ങ് വർദ്ധിപ്പിക്കാനും പുതിയ നിക്ഷേപം പ്രയോജനപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കി ഫ്രാഞ്ചൈസികളുടെ വിപുലമായ ഓഫ്‌ലൈൻ ശൃംഖലയും സ്ഥാപിക്കും. അയ്യായിരത്തിലേറെ പേരാണ് പത്തുസംസ്ഥാനങ്ങളിലായി 100ലേറെ നഗരങ്ങളിൽ സാന്നിദ്ധ്യമുള്ള ഡീൽഷെയറിന്റെ ഭാഗമായി ജോലി ചെയ്യുന്നത്.