blasters

തിലക് മെെതാൻ: കൊവിഡ് മൂലം തളർന്നിരിക്കുന്ന ഒരു ടീമിൽ നിന്ന് ഇതിലേറെ പ്രതീക്ഷിക്കുന്നത് പോലും കടന്നകൈയായിരിക്കും. കഴിഞ്ഞ 17 ദിവസമായി ഒരു മത്സരം പോലും കളിക്കാത്ത ബ്ളാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ റോഷൻ നവോറെം നേടിയ ഗോളിൽ ബംഗളൂരുവിനോട് അടിയറവ് പറഞ്ഞു. പത്ത് മത്സരങ്ങൾക്കുശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോൽവിയാണ്. കൊവിഡ് കാരണം ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ട് മത്സരങ്ങളാണ് മാറ്റിവച്ചത്. ബംഗളൂരുവുമായുള്ള ആദ്യ കളി സമനിലയിൽ അവസാനിച്ചിരുന്നു. 12 കളിയിൽ 20 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ് ഇപ്പോൾ. ഫെബ്രുവരി നാലിന് നോർത്ത് ഈസ്റ്റ് യുണെെറ്റഡുമായാണ് അടുത്ത മത്സരം.

മത്സരത്തിന്റെ 56ാം മിനിട്ടിൽ കളി ഗതിക്കെതിരായിട്ടാണ് ബംഗളൂരു എഫ് സി ഗോൾ നേടുന്നത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര ബംഗളൂരു താരത്തിനെ ഫൗൾ ചെയ്തതിനെ തുടർന്ന് ബംഗളൂരൂവിന് അനുകൂലമായി റഫറി ഫ്രീകിക്ക് അനുവദിക്കുകയായിരുന്നു. തകർപ്പനൊരു കിക്കിലൂടെ റോഷൻ പന്ത് വലയിലെത്തിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ബ്ളാസ്റ്റേഴ്സിന്റെ മുന്നേറ്റനിരതാരം വാസ്കസ് മഞ്ഞക്കാർഡ് വഴങ്ങുകയും ചെയ്തു. 71–ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്താനുള്ള അഡ്രിയാൻ ലൂണയുടെ മനോഹര മുന്നേറ്റം ബംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധു സാഹസികമായി തടഞ്ഞു. തുടർച്ചയായി രണ്ട് കോർണറുകൾ ബംഗളൂരു വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സിന് അത് മുതലാക്കാനായില്ല.