kk

തിരുവനന്തപുരം: കെടി ജലീൽ ലോകായുക്തയെ അധിക്ഷേപിച്ച് രംഗത്തെത്തിയത് ഭരണഘടനാ സ്ഥാപനങ്ങളെ സി.പി.എം വെല്ലുവിളിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

ലോകായുക്തയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രി ഉൾപ്പെടെ പല വമ്പൻമാരും രാജിവെക്കേണ്ടി വരുമെന്ന് സി.പി.എമ്മിന് അറിയാം. ഇത് മനസിലാക്കിയാണ് ലോകായുക്തയുടെ അധികാരം കവരാൻ സർക്കാർ ശ്രമിക്കുന്നതെന്നും കെ,​ സുരേന്ദ്രൻ ആറോപിച്ചു,​

.നേരത്തെ സി.എ.ജിയേയും ഗവർണറെയും സി.പി.എം അവഹേളിച്ചിരുന്നു. രാഷ്ട്രപതിയെ പോലും അനാവശ്യവിവാദത്തിലേക്ക് വലിച്ചിഴച്ച സർക്കാരാണ് പിണറായി വിജയന്റെത്. തങ്ങൾക്കെതിരെ കോടതി വിധി ഉണ്ടായാലും അംഗീകരിക്കില്ലെന്ന ധാർഷ്ട്യമാണ് ഓരോ സി.പി.എം നേതാവിനുമുള്ളത്. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും വേണ്ടിയുള്ള വക്കാലത്താണ് ജലീൽ ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും പേരിലുള്ള പരാതി ലോകായുക്ത പരിഗണിക്കാനിരിക്കുമ്പോഴാണ് സർക്കാർ ഓർഡിനൻസ് ഇറക്കി അഴിമതിക്ക് മറയിടാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്തയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ വാദം വിവരക്കേടാണ്. അതിനുള്ള മറുപടി കാനം തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിശ്ചയിക്കപ്പെടാത്ത ദുബായ് സന്ദർശനത്തെ കുറിച്ച് സർക്കാർ വ്യക്തമാക്കണം. ദുബായിൽ മുഖ്യമന്ത്രി തങ്ങുന്നത് എന്തിനാണെന്ന് ജനങ്ങൾക്ക് അറിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.