
റോം : ലോകം മഹാമാരിയിൽപ്പെട്ട് നട്ടം തിരിയുന്ന സാഹചര്യത്തിൽ കൊവിഡിനെക്കുറിച്ചും വാക്സിനുകളെപ്പറ്റിയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. വാക്സീനുകളെക്കുറിച്ചുള്ള വ്യാജ വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വെളിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കത്തോലിക്കാ മാദ്ധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ വെബ്‌സൈറ്റ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. സത്യസന്ധമായ വാർത്തകൾ അറിയുക എന്നത് മനുഷ്യാവകാശമാണ്. വ്യാജവാർത്തകൾ പ്രചരിക്കുന്നത് വഴി യാഥാർത്ഥ്യത്തെ വളച്ചൊടിച്ച് ജനങ്ങളിൽ ഭയം വളർത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡ് വാക്സിനേഷൻ നല്കുന്നത് സ്‌നേഹത്തിന്റെ പ്രവൃത്തിയാണ് എന്നു വിശേഷിപ്പിച്ചുകൊണ്ട്, വാക്സിൻ എടുക്കുന്നതിനെ പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.