
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കെതിരെ സി പി ഐയുടെയും കോൺഗ്രസിന്റെയും അദ്ധ്യാപക സംഘടനകൾ. വിദ്യാർത്ഥികളുടെ ഫോക്കസ് ഏരിയ വിഷയത്തിൽ പ്രതികരിച്ച അദ്ധ്യാപകരെ വിമർശിച്ച മന്ത്രിയുടെ നടപടിക്കെതിരെയാണ് അദ്ധ്യാപക സംഘടനകൾ രംഗത്ത് വന്നത്.
സർവീസ് ചട്ടങ്ങള്‍ അനുശാസിക്കുന്ന ചാട്ടവാർ ഉപയോഗിച്ച് അദ്ധ്യാപക സംഘടനകളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ആര് വാൾ ഓങ്ങിയാലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്ന് സിപിഐ സംഘടനയായ എകെഎസ് ടിയു പ്രതികരിച്ചു. ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും സ്ഥാനമുണ്ടെന്നും സംഘടന കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യാപക സംഘടനയായ കെ പി എസ് ടി എയും പറഞ്ഞു.
അദ്ധ്യാപകർ പഠിപ്പിച്ചാൽ മാത്രം മതിയെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. അദ്ധ്യാപകരെ സർക്കാർ നിയമിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ധ്യാപകരുടെ ജോലി പഠിപ്പിക്കൽ ആണെന്നും അവർ അഥ് ചെയ്താൽ മതിയെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഓരോരുത്തക്കും ഓരോ ചുമതലകൾ നിശ്ചയിച്ചിട്ടുണ്ടെന്നും അവർ ആ ചുമതല മാത്രം നിർവഹിച്ചാൽ മതിയെന്നും എല്ലാവരും ചേർന്ന് ഒരു ചുമതല നിർവഹിക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.