nadal-federer

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയ റാഫേൽ നദാലിനെ അഭിനന്ദിച്ച് വികാരനി‌ർഭരമായ കുറിപ്പുമായി റോജർ ഫെഡറ‌ർ. നദാൽ ഇത്രയും കാലം തന്റെ സുഹൃത്തും എതിരാളിയുമായിരുന്നെന്നും എന്നാൽ ഇനി മുതൽ പരിക്കിൽ നിന്ന് ടെന്നിസ് കോർട്ടിലേക്ക് മടങ്ങിവരുന്നതിനുള്ള തന്റെ ഏറ്റവും വലിയ പ്രചോദനം കൂടിയായിരിക്കുമെന്ന് ഫെഡറർ കുറിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പിലാണ് ഫെഡറർ നദാലിനോട് തന്റെ മനസ് തുറന്നത്.

ഏതാനും മാസം മുമ്പ് വരെ തങ്ങളുടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയെ ഓർത്ത് താനും നദാലും ചിരിക്കുകയായിരുന്നെന്നും എന്നാൽ ഇന്നിപ്പോൾ തന്റെ സുഹൃത്ത് 21 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടുന്ന ലോകത്തിലെ ആദ്യ പുരുഷൻ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണെന്നും ഫെഡറ‌‌ർ വ്യക്തമാക്കി. കഴിഞ്ഞ 18 വ‌ർഷമായി തന്റെ ഏറ്റവും മികച്ച കളി പുറത്തെടുക്കുന്നതിന് വേണ്ടി കോർട്ടിൽ വച്ച് നദാൽ തന്നിൽ സമ്മർദ്ദം സൃഷ്ടിക്കുകയായിരുന്നെന്നും ഇന്ന് അദ്ദേഹം അത് മറ്റൊരു രീതിയിൽ തുടരുകയാണെന്ന് ഫെഡറർ കുറിച്ചു.

ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ പുരുഷതാരമെന്ന റെക്കാഡ് ഈ വിജയത്തോടെ നദാലിന് സ്വന്തമായി. 21 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് നദാലിന്റെ പേരിൽ ഉള്ളത്. തൊട്ട് താഴെയുള്ള ഫെഡററിനും ജോക്കോവിച്ചിനും 20 കിരീടങ്ങൾ വീതമാണുള്ളത്. 14 കിരീടങ്ങൾ സ്വന്തമാക്കിയ പീറ്റ് സാംപ്രസാണ് മൂന്നാം സ്ഥാനത്ത്.

അഞ്ച് സെറ്റ് നീണ്ട ഫൈനൽ മത്സരത്തിൽ 2-6, 6-7(5), 6-4, 6-4, 7-5 എന്ന സ്കോറിനാണ് റഷ്യയുടെ ഡാനി മെദ്‌വെദെവിനെ നദാൽ അടിയറവ് പറയിച്ചത്. ആദ്യ രണ്ട് സെറ്റുകളിലും പരാജയപ്പെട്ട നദാൽ അവസാന മൂന്ന് സെറ്റുകളിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.