
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ഇന്ന് മൊബൈൽ ഫോണുകൾ ഹാജരാക്കും. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ആറ് ഫോണുകളും രാവിലെ 10.15ന് മുൻപ് ഹൈക്കോടതി രജിസ്ട്രാറിന് മുന്നിൽ സമർപ്പിക്കും.
ദിലീപ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ച രണ്ട് ഫോണുകളും ഇന്നലെ കൊച്ചിയിൽ എത്തിച്ചിരുന്നു. മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
ഉപഹർജിയിലൂടെ ഏഴ് ഫോണുകളാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ദിലീപിന്റേതെന്നു ചൂണ്ടിക്കാട്ടിയ നാലു ഫോണുകളിൽ ഒന്ന് ഏതു കമ്പനിയുടേതാണെന്നുപോലും വ്യക്തമാക്കിയിട്ടില്ലെന്നും, അങ്ങനെയൊന്നിനെക്കുറിച്ച് അറിയില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ രാമൻപിള്ള വാദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിലും കോടതി ഇന്ന് നിലപാട് അറിയിച്ചേക്കും. ഉച്ചയ്ക്ക് 1.45നാണ് സിംഗിൾ ബെഞ്ച് ഹർജി പരിഗണിക്കുക. ഇത് കള്ളക്കേസാണെന്നും, തനിക്കെതിരെ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം.