covid-19

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് അഞ്ച് മണിക്കാണ് യോഗം. യുഎഇയിൽ ഉള്ള മുഖ്യമന്ത്രി ഓൺലൈനായിട്ടാണ് പങ്കെടുക്കുക.

ഞായറാഴ്ച നിയന്ത്രണം തുടരണമോ എന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമെടുക്കും. കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ രോഗ വ്യാപനം വിലയിരുത്തി, ജില്ലകളിലെ നിയന്ത്രണങ്ങളെക്കുറിച്ചും ഇളവുകളെക്കുറിച്ചും തീരുമാനിക്കും.

നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളാണ് സി കാറ്റഗറിയിലുള്ളത്. കടുത്ത നിയന്ത്രണങ്ങളാണ് സി കാറ്റഗറിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ ജിമ്മുകളും, തിയേറ്ററുകളും അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കും.

കാസര്‍കോട് ജില്ലയിൽ മാത്രമാണ് നിലവിൽ ഒരു നിയന്ത്രണങ്ങളുമില്ലാത്തത്. ബാക്കി ജില്ലകൾ എ, ബി കാറ്റഗറിയിലാണ്. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കൂടാത്ത സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ഇളവുകൾ നൽകിയേക്കും.