
കോട്ടയം: വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ എംജി യൂണിവേഴ്‌സിറ്റി പരീക്ഷാ വിഭാഗം അസിസ്റ്റായിരുന്ന ആർപ്പൂക്കര സ്വദേശി സി.ജെ എൽസിയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. എൽസിയെ നിയമിക്കാൻ ഇടത് സംഘടന ഇടപെട്ടതായി റിപ്പോർട്ടുകൾ. വിസിക്ക് ഇടത് സംഘടന നൽകിയ കത്ത് ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടു.
പത്താം ക്ളാസ് ജയിക്കാത്ത എൽസി പ്യൂൺ ആയാണ് ജോലിയിൽ പ്രവേശിച്ചത്. കുടുംബം സജീവ സി.പി.എം പ്രവർത്തകരാണ്.പിന്നീട് സാക്ഷരതാ മിഷന്റെ പത്താം ക്ളാസ് തുല്യതാ പരീക്ഷ ജയിച്ചു. പ്ളസ് ടു പാസായി. എം ജിയിൽ നിന്ന് ഡിഗ്രിയും നേടി. ജോലിയിലിരിക്കെ നേടിയ ബുരുദത്തെക്കുറിച്ച് വിജിലൻസ് അന്വേഷിക്കും.
എൽസിയും പരാതിക്കാരിയായ വിദ്യാർത്ഥിനിയും നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പണം നൽകേണ്ട ഉദ്യോഗസ്ഥരുടെ പേരുകൾ അടക്കം സംഭാഷണത്തിൽ പറയുന്നുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം നടത്തും. യൂണിവേഴ്‌സിറ്റി ഇന്ന് സിൻഡിക്കേറ്റ് യോഗം ചേരും. എൽസിയുടെ നിയമന രേഖകൾ യോഗത്തിൽ പരിശോധിക്കും.
പത്തനംതിട്ട സ്വദേശിനിയായ എംബിഎ വിദ്യാർത്ഥിനിയിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലി ആവശ്യപ്പെട്ടത്. പരിക്ഷയിൽ തോൽക്കാൻ സാദ്ധ്യതയുണ്ടെന്നും, പണം നൽകിയാൽ വിജയിപ്പിക്കുമെന്നുമായിരുന്നു വാഗ്ദാനം. തുടർന്ന് പെൺകുട്ടി ഒന്നേകാൽ ലക്ഷം രൂപ നൽകി. 30,000 രൂപ കൂടി വേണമെന്ന് എൽസി ആവശ്യപ്പെട്ടതോടെ പെൺകുട്ടി വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നൽകുകയായിരുന്നു.