
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിലെ ഒരു പെൺകുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു. മകളെ വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളിൽ ഒരാളുടെ അമ്മ ഇന്നലെ ജില്ലാ കളക്ടർക്കും സി ഡബ്ലൂ സിക്കും അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.
കഴിഞ്ഞ ബുധനാഴ്ചയാണ് ആറ് പെൺകുട്ടികൾ ബാലികാ മന്ദിരത്തിൽ നിന്ന് ഒളിച്ചോടിയത്. ഇവരിൽ നാല് പേരെ മലപ്പുറത്തുനിന്നും രണ്ട് പേരെ ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്. ചിൽഡ്രൻസ് ഹോമിലെ അവസ്ഥ കൊണ്ടാണ് തങ്ങൾ പുറത്ത് പോയതെന്നും, അവിടെ സുരക്ഷിതരല്ലെന്നും പെൺകുട്ടികൾ പരാതിപ്പെട്ടിരുന്നു. കുട്ടികളുടെ പരാതി ഇന്ന് സി ഡബ്ല്യൂ സി പരിഗണിക്കും.
അതേസമയം ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾക്കൊപ്പം കണ്ടെത്തിയ യുവാവ് ചാടിപ്പോയ സംഭവത്തിൽ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. രണ്ട് പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. രണ്ട് യുവാക്കളെയാണ് പെൺകുട്ടികൾക്കൊപ്പം കണ്ടെത്തിയത്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന മൊഴിയിൽ ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.