
രത്തൻ ടാറ്റ എന്ന പേര് കേൾക്കാത്ത ഇന്ത്യക്കാരുണ്ടാകില്ല. രാജ്യത്തെ ഏറ്റവും വലിയ വ്യവസായികളിലൊരാളായ അദ്ദേഹം പല യുവ സംരംഭകരുടെയും റോൾ മോഡലാണ്. കഴിഞ്ഞ ഡിസംബർ 28നായിരുന്നു അദ്ദേഹത്തിന്റെ 84ാം ജന്മദിനം. സമ്പന്ന കുടുംബത്തിന്റെ യാതൊരു ആഢംബരവുമില്ലാതെ വളരെ ലളിതമായായ ജന്മദിനം. അദ്ദേഹത്തിന്റെ യുവ ബിസിനസ് അസിസ്റ്റന്റിനൊപ്പം ഒരു ചെറിയ കപ്പ്‌കേക്കിൽ മെഴുകുതിരി കത്തിച്ചു വച്ചായിരുന്നു ആഘോഷം. ഇപ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ജന്മദിന ആഘോഷ വീഡിയോയിൽ രത്തൻ ടാറ്റയുടെ തോളിൽ കൈവെച്ച് കപ്പ് കേക്ക് കൊടുക്കുന്ന ആ യുവാവ് ആരാണെന്നറിയാൻ പലർക്കും ആകാംക്ഷ തോന്നിയിരുന്നു.
രത്തൻ ടാറ്റയുടെ 80കളിൽ അദ്ദേഹത്തിനു കിട്ടിയ സുഹൃത്തും ബിസിനസ് അസിസ്റ്റന്റുമായ ശന്തനു നായിഡുവായിരുന്നു ആ ചെറുപ്പക്കാരൻ. ശന്തനു വിനെപറ്റി കൂടുതലറിയാം.
ആരാണ് ശന്തനു നായിഡു

1993ൽ മഹാരാഷ്ട്രയിലെ പൂനെയിലാണ് ശാന്തനു നായിഡു ജനിച്ചത്. വ്യവസായി, എഞ്ചിനീയർ, ജൂനിയർ അസിസ്റ്റന്റ്, ഡിജിഎം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, എഴുത്തുകാരൻ, സംരംഭകൻ എന്നീ നിലകളിൽ പ്രശസ്തനായ ശാന്തനു ടാറ്റ ട്രസ്റ്റിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ എന്ന നിലയിലാണ് രാജ്യത്തുടനീളം ജനപ്രിയനായത്. 28ാം വയസിൽ ബിസിനസ് മേഖലയിൽ തന്റേതായ സ്ഥാനമുറപ്പിച്ച ഈ യുവാവ് കോർണൽ സർവകലാശാലയിൽ നിന്നുമാണ് എംബിഎ ബിരുദം നേടിയത്. ശാന്തനുവിന്റെ കുടുംബം അഞ്ച് തലമുറകളായി ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യ്തുവരികയാണ്.
ശാന്തനുവിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച് 2017ലാണ് അദ്ദേഹം ടാറ്റ ട്രസ്റ്റിൽ ജോലി ആരംഭിച്ചത്. കൂടാതെ, ടാറ്റ എൽക്‌സിയിൽ ഡിസൈൻ എഞ്ചിനീയറായും നായിഡു പ്രവർത്തിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നതിന് രത്തൻ ടാറ്റയ്ക്ക് ബിസിനസ് ടിപ്പുകൾ നൽകുന്നത് ശാന്തനുവാണ്.
ടാറ്റയിലേയ്ക്കുള്ള ശാന്തനുവിന്റെ യാത്രയുടെ തുടക്കം
തെരുവ് നായ്ക്കൾക്കായി റിഫ്ലക്ടറുകൾ ഉപയോഗിച്ച് നിർമ്മിച്ച ഡോഗ് കോളറുകളെ കുറിച്ച് തന്റെ ഫേസ്ബുക്കിൽ കുറിച്ചതിന് ശേഷമാണ് ശാന്തനു രത്തൻ ടാറ്റയുടെ ശ്രദ്ധ നേടാൻ തുടങ്ങിയത്.
''ഒരു വിദ്യാർത്ഥിയായതിനാൽ കോളറുകൾ ഉണ്ടാക്കുന്നതിന് ആവശ്യമായ കാശ് ഉണ്ടായിരുന്നില്ല. അതിനാൽ കോളർ നിർമിക്കാനുള്ള മെറ്റീരിയലായി ഡെനിം പാന്റാണ് ഉപയോഗിച്ചത്. പൂനെയിലെ വീടുകളിൽ നിന്ന് ശേഖരിച്ച തുണി ഉപയോഗിച്ച് 500 റിഫ്‌ളക്‌റ്റീവ് കോളറുകൾ നിർമ്മിക്കുകയും 500 നായ്ക്കളെ കോളർ ചെയ്യുകയും ചെയ്തു.''
ശാന്തനു അന്ന് നിർമിച്ച കോളർ ധരിച്ച നായ്ക്കളെ രാത്രിയിൽ തെരുവ് വിളക്കുകൾ ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് ദൂരെ നിന്ന് കാണാനും അവരുടെ ജീവൻ രക്ഷിക്കാനും കഴിഞ്ഞു. ശാന്തനുവിന്റെ ഈ പ്രവർത്തി നിരവധിയാളുകളിൽ നിന്നും ശ്രദ്ധനേടിക്കൊടുത്തു. ഒടുവിൽ ഇത് ശ്രദ്ധയിൽപ്പെട്ട ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനും മൃഗ സ്നേഹിയുമായ രത്തൻ ടാറ്റ ശാന്തനുവിനെ മുംബയിലേക്ക് ക്ഷണിച്ചു. 2016-ൽ യുഎസിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ എംബിഎ പഠനത്തിനായി പോവുകയി. ശേഷം 2018ൽ ബിരുദം പൂർത്തിയാക്കി തിരിച്ചെത്തി ടാറ്റ ട്രസ്റ്റിൽ ചെയർമാന്റെ ഓഫീസിൽ ഡെപ്യൂട്ടി ജനറൽ മാനേജരായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
രത്തൻ ടാറ്റയുടെ ഹൃദയം കീഴടക്കിയ ശാന്തനു
ശാന്തനുവിന്റെ ആശയങ്ങളുടെ ആരാധകനാണ് മുതിർന്ന വ്യവസായി രത്തൻ ടാറ്റ. തന്റെ പ്രവൃത്തിയിലൂടെ ശന്തനു രത്തൻ ടാറ്റയുടെ ഹൃദയം കീഴടക്കി. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നൽകുന്ന കാര്യത്തിൽ രത്തൻ ടാറ്റയെ സഹായിക്കുന്നത് ശാന്തനുവാണ്. പലപ്പോഴും രത്തൻ ടാറ്റയുടെ പിന്തുണ ലഭിക്കുന്ന സ്റ്റാർട്ടപ്പുകളുടെ മൂല്യത്തിൽ ഗണ്യമായ വർദ്ധനവ് കാണാറുണ്ട്.
കാരുണ്യ പ്രവർത്തനങ്ങൾ
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് പ്രചോദനെ നൽകുകയാണ് ശാന്തനു. കൊവിഡ് ലോക്ഡൗൺ സമയം മുതൽ ഇൻസ്റ്റഗ്രാം ലൈവിൽ എത്തി സംസാരിക്കാൻ തുടങ്ങി. ഇപ്പോൾ എല്ലാ ഞായറാഴ്ചയും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ലൈവിലെത്തുകയും പങ്കെടുക്കുന്ന ഓരോ വ്യക്തികളിൽ നിന്നും 500രൂപ ഈടാക്കുകയും ചെയ്യുന്നു. ഈ പണം ഉപയോഗിച്ച് 4 രാജ്യങ്ങളിലായി 20-ലധികം നഗരങ്ങളിലെ തെരുവ് നായ്ക്കളെ സഹായിക്കുകയും ചെയ്യുന്നു.
ശാന്തനുവിന്റെ പുസ്തകങ്ങൾ

'ഞാൻ ഒരു വിളക്കുമാടത്തിൽ എത്തി'എന്ന പേരിൽ ശാന്തനു ഒരു പുസ്തകം എഴുതിയിട്ടുണ്ട്.രത്തൻ ടാറ്റയുമായുള്ള ശാന്തനുവിന്റെ ജീവിതത്തിന്റെ പ്രതിഫലനമാണ് ഈ പുസ്തകം. ഇതുകൂടാതെ മറ്റൊരു പുസ്തകവും എഴുതാനൊരുങ്ങുകയാണ്.
കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും ചെറുപ്രായത്തിൽ തന്നെ ഇതിഹാസ ബിസിനസ്സ് വ്യവസായി രത്തൻ ടാറ്റയുടെ ആരാധനാപാത്രമായി മാറിയ ശാന്തനുവിന്റെ യാത്ര ഏവർക്കും പ്രചോദനമാണ്.