
ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം കൊവിഡിനെതിരെ പോരാടിയപ്പോൾ ഇറ്റലിയിലെ സഹോദരങ്ങൾ അവരുടെ മുത്തശ്ശിയെ പരിചരിക്കുന്നതിൽ മാത്രമാണ് ശ്രദ്ധിച്ചതെന്ന് യോഗി ആദിത്യനാഥ് വിമർശിച്ചു. രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ സഹോദരന്റെയും സഹോദരിയുടെയും പാർട്ടി രാജ്യത്തെ കാര്യമാക്കിയില്ല. അവർ ഇറ്റലിയിലെ അവരുടെ 'നാനി'യെക്കുറിച്ച് മാത്രമാണ് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി പ്രതിപക്ഷ പാർട്ടികൾക്ക് നേരെ രൂക്ഷ വിമർശനങ്ങളാണ് യോഗി ആദിത്യനാഥ് ഉന്നയിക്കുന്നത്. സമാജ്‌വാദി പാർട്ടിയെ ചാച്ചാ- ഭതിജ പാർട്ടി എന്ന് വിളിച്ച് അദ്ദേഹം പരിഹസിച്ചു. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനേയും അമ്മാവൻ ശിവപാൽ സിംഗ് യാദവിനേയും ഉദ്ദേശിച്ചായിരുന്നു ഈ പരാമർശം. സമാജ്‌വാദി പാർട്ടി സർക്കാർ അധികാരത്തിൽ വന്നാൽ യുപിയിൽ മാഫിയ രാജ് വരും. ഇപ്പോൾ ജയിലിൽ കഴിയുന്ന മാഫിയക്കാരെ വിട്ടയക്കുമെന്നും അദ്ദേഹം വിമർശിച്ചു. വികസനത്തിന് വോട്ട് ചെയ്യണമെങ്കിൽ നിങ്ങളുടെ വോട്ട് ഞങ്ങൾക്ക് നൽകുക. വിനാശത്തിന് വോട്ട് നൽകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വോട്ട് മറ്റാർക്കെങ്കിലും നൽകുക എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കൊവിഡിന് എതിരായ പോരാട്ടത്തിൽ ഉത്തർപ്രദേശ് രാജ്യമെമ്പാടും പ്രശംസിക്കപ്പെട്ടു. 26 കോടി വാക്സിൽ നൽകിയ ആദ്യത്തെ സംസ്ഥാനമാണ് ഉത്തർപ്രദേശ്. കൊവിഡിന്റെ മൂന്നാം തരംഗത്തിനെ നേരിടാനുള്ള എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ച് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്ര നിർമ്മാണം, അലിഗഢിലെ പ്രതിരോധ ഇടനാഴി, ബുലന്ദ്ഷഹറിൽ വരാനിരിക്കുന്ന മെഡിക്കൽ കോളേജ് തുടങ്ങിയ വികസന നേട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു.