kt-jaleel

മലപ്പുറം: ലോകായുക്തയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. അഭയ കേസ് അട്ടിമറിക്കാൻ സിറിയക് ജോസഫ് ശ്രമിച്ചെന്ന് ജലീൽ ആരോപിക്കുന്നു.

നേരിട്ട് പേര് പറയാതെ സിറിയക് ജോസഫാണെന്ന് എല്ലാ സൂചനകളും നൽകി തന്നെയാണ് പുതിയ പോസ്റ്റ്. മൂന്നര വർഷം സുപ്രീം കോടതിയിലിരുന്നിട്ടും മഹാൻ ആറ് കേസുകളിലാണ് വിധി പറഞ്ഞത്. എന്നാൽ തനിക്കെതിരായ കേസിൽ പന്ത്രണ്ട് ദിവസം കൊണ്ടാണ് ലോകായുക്ത വിധി പറഞ്ഞത്. എത്തേണ്ടത് മുൻകൂറായി കൈപ്പറ്റിയതുകൊണ്ടാണിതെന്ന് ജലീൽ ആരോപിക്കുന്നു.

ലോകായുക്തയെ വിമർശിച്ചുകൊണ്ട് ഇന്നലെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീൽ രംഗത്തെത്തിയിരുന്നു. ജലീലിന്റെ ആരോപണം ഏറ്റെടുക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. എന്നാൽ ഇത് പൂർണമായും തള്ളിക്കളയുന്നുമില്ല. ജലീൽ വ്യക്തിപരമായ അനുഭവമാണ് പറഞ്ഞതെന്നാണ് നേതൃത്വത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

"വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും"

2021 മാർച്ച് 25 ന് പ്രാഥമിക അന്വേഷണം നടത്തി ഫയലിൽ സ്വീകരിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ അറിന് മുമ്പ് 'ബോംബ്' പൊട്ടിച്ച് ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയലായിരുന്നു യുഡിഎഫിന്റെ ലക്ഷ്യം. മൈനോരിറ്റി കോർപ്പറേഷന്റെ വക്കീൽ അഡ്വ: കാളീശ്വരം രാജ് സുപ്രീം കോടതിയിലുള്ള തന്റെ കേസുകളുടെ വിവരം വെച്ച് ചെയ്ത ഇ മെയ്ൽ ഇല്ലായിരുന്നെങ്കിൽ ഒരു ഹിയറിംഗിന് കൂടി സമയം അനുവദിക്കുമായിരുന്നില്ല. അങ്ങിനെ സംഭവിച്ചാൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാംകൂടി ചുരുട്ടിക്കൂട്ടി കിണറ്റിലിടുമായിരുന്നു വിനീത ദാസൻ.

സുപ്രീം കോടതിയിൽ മൂന്നര കൊല്ലത്തിനിടയിൽ കേവലം ആറ് വിധികൾ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്ത "മഹാനാണ്" (അരുൺ ജെയ്റ്റ്ലിയോടും സുഷമ സ്വരാജിനോടും കടപ്പാട്) പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലിൽ സ്വീകരിച്ച് വാദം കേട്ട് എതിർ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയിൽ വിധി പറഞ്ഞ് ചരിത്രം കുറിച്ചത്.

"വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും" എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. "എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുൻകൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല".