dharmajan

തിരിമാലി ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ് ജോണി ആന്റണിയും ധർമ്മജൻ ബോൾഗാട്ടിയും. ബിബിൻ ജോർജിനൊപ്പം ചിത്രത്തിൽ പ്രധാനവേഷത്തിൽ ഇവരും എത്തുന്നുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലെ ചില രസകരമായ സംഭാഷണങ്ങളിലേക്ക്...

' നേപ്പാൾ എയർപോർട്ടിൽ വച്ചുള്ള ഒരു സംഭവമാണ്. കാൽ വയ്യാത്തതുകൊണ്ട് ബിബിൻ ജോർജിനെ വീൽ ചെയറിലാണ് കൊണ്ടു പോയത്. എയർപോർട്ടിൽ വച്ച് അവർ ചോദിച്ചു എവിടന്നാണ് വരുന്നതെന്നും എന്താണ് ആവശ്യമെന്നുമൊക്കെ. ഷൂട്ടിംഗാണെന്ന് പറഞ്ഞു.

ആരാ ഹീറോ എന്നായി അടുത്ത ചോദ്യം. വീൽചെയറിലായതുകൊണ്ട് ബിബിന് ആകെ നാണമായിട്ട് ചുറ്റിലും നോക്കിയ ശേഷം പതിയെ താനാണ് ഹീറോയെന്ന് പറഞ്ഞു. ഹീറോയെ ആണോ ഈ വീൽ ചെയറിൽ തള്ളി കൊണ്ടു വരുന്നതെന്ന സംശയം അവരുടെ മുഖത്ത് കാണാം. അവൻ ഉടനെ ഞാൻ മാത്രമല്ല വേറൊരു ഹീറോയും ഉണ്ടെന്ന് പറഞ്ഞ് എന്നെ ചൂണ്ടി കാണിച്ചു.

അതോടെ അവരുടെ കണ്ണ് ഒന്നൂടെ തള്ളി. ഞാനും പറഞ്ഞു ഞാൻ മാത്രമല് ഒരു ഹീറോ കൂടിയുണ്ടെന്ന്. അങ്ങനെ ജോണി ചേട്ടനെ ചൂണ്ടിക്കാട്ടി. അതോടെ അവർക്ക് കാര്യങ്ങൾ മനസിലായി. ഇന്ത്യയിൽ കൊറോണയുണ്ടെന്ന് അറിയാം പക്ഷേ ഇത്ര ദാരിദ്ര്യം പിടിച്ച അവസ്ഥയാണെന്ന് അറിയില്ലെന്ന് പറഞ്ഞു. അവരുടെ മനസിൽ ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും പോലുള്ള ആൾക്കാരാണ്." ധർമജൻ പറഞ്ഞു.