
'ഓംബുഡ്സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു വിശേഷണം 'കുരയ്ക്കാൻ
മാത്രം കഴിയുന്ന, കടിക്കാൻ കഴിയാത്ത, ഒരു കാവൽനായ' എന്നതാണ്. എന്നാൽ, ഓംബുഡ്സ്മാന്റെ കേരള പതിപ്പായ ലോകായുക്തയ്ക്ക് വിപുലമായ അധികാരങ്ങൾ നിയമപരമായി നൽകിയിരിക്കുന്നു. ആവശ്യമെന്ന് കണ്ടാൽ കടിക്കാനും കഴിയുന്ന സംവിധാനമാണ് നമ്മുടെ ലോകായുക്ത. ഭരണനിർവഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണതകൾക്കും പരിഹാരംതേടി ലോകായുക്തയെ സമീപിക്കാം. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്റെ അഴിമതിവിരുദ്ധ ദുർഭരണവിരുദ്ധ നിശ്ചയദാർഢ്യത്തിന്റെ കൂടി പ്രതീകമാണ് 1999ൽ നിയമത്തിലൂടെ വന്ന ലോകായുക്ത. ഇതിനെ നിലനിറുത്താനും ശക്തിപ്പെടുത്താനും ജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രതയുണ്ടാവണം' മുഖ്യമന്ത്രി പിണറായി വിജയൻ 2019ൽ പാർട്ടി പ്രസിദ്ധീകരണമായ 'ചിന്ത വാരിക'യിൽ എഴുതിയ ലേഖനത്തിൽ പറയുന്നതാണിത്. അതേ ലോകായുക്തയ്ക്ക് കത്രിക പൂട്ടിടാൻ കാർമ്മികത്വം വഹിക്കുന്നതും പിണറായി വിജയൻ തന്നെ. ഉച്ചിയുറപ്പിച്ച കൈകൊണ്ടുതന്നെ ഉദകക്രിയയും!
അഴിമതിനിരോധന സംവിധാനങ്ങളെയാകെ നിർജ്ജീവമാക്കാനാണ് ലോകായുക്ത ഭേദഗതി ഓർഡിനൻസ് അതീവരഹസ്യമായി മന്ത്രിസഭ പാസാക്കി ഗവർണറുടെ അനുമതിക്ക് അയച്ചത്. ഉദ്യോഗസ്ഥർക്കെതിരെയും മന്ത്രിമാർക്കെതിരെയും അഴിമതിനിരോധന നിയമം അനുസരിച്ച് കേസെടുക്കണമെങ്കിൽ മുൻകൂർ അനുമതി വേണമെന്ന കേന്ദ്രസർക്കാരിന്റെ ഭേദഗതി വന്നതോടെ അഴിമതിനിരോധന നിയമത്തിന്റെ പ്രസക്തി നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ ഏക ആശ്രയമായിരുന്ന ലോകായുക്തയെ അപ്രസക്തമാക്കാനാണ് സർക്കാർ ശ്രമം. നിയമഭേദഗതിയിലൂടെ ഗവർണർക്കോ മുഖ്യമന്ത്രിക്കോ ലോകായുക്ത വിധിക്കുമേൽ ഹിയറിങ് നടത്തി നിർദ്ദേശങ്ങൾ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകായുക്തയായി തിരഞ്ഞെടുക്കപ്പെടുന്നയാൾ സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോ ആകണമെന്നതു മാറ്റി ജഡ്ജി ആയാൽ
മതിയെന്നും തീരുമാനിച്ചു. സർക്കാരിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയിൽ ലോകായുക്തയെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം.
കോടതിവിധി 12 -ാം വകുപ്പിൽ;
ഭേദഗതി 14ൽ
ഹൈക്കോടതിയുടെ രണ്ട് സുപ്രധാന വിധികൾ അനുസരിച്ചുള്ള ഭേദഗതി ഓർഡിനൻസ് എന്നാണ് നിയമമന്ത്രി പി.രാജീവ് പറയുന്നത്.
ഭേദഗതി നടത്തിയിരിക്കുന്ന ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പുമായി
ബന്ധപ്പെട്ടുള്ളതല്ല ഈ രണ്ടു വിധികളും. 12 -ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. 12(1) -ാം വകുപ്പ് അനുസരിച്ച് ശുപാർശ ചെയ്യാനുള്ള അധികാരം മാത്രമേ ലോകായുക്തയ്ക്കുള്ളൂ. അതു ശരിയുമാണ്. എന്നാലിവിടെ 14 -ാം വകുപ്പിലാണ് ഭേദഗതി വരുത്തുന്നത്. ആരോപണവിധേയൻ സ്ഥാനമൊഴിയണമെന്ന് ലോകായുക്ത വിധിക്കുന്നത് 14 -ാം വകുപ്പനുസരിച്ചാണ്. മന്ത്രി കെ.ടി ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് വിധിപറഞ്ഞതും ഈ വകുപ്പനുസരിച്ചാണ്. 22 വർഷത്തെ ചരിത്രത്തിൽ 14 -ാം വകുപ്പനുസരിച്ച് കെ.ടി ജലീന്റെ കേസിൽ മാത്രമാണ് ലോകായുക്ത വിധിപറഞ്ഞത്. ഈ സാഹചര്യത്തിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഭേദഗതിയെന്ന
സർക്കാർവാദം വസ്തുതാവിരുദ്ധമാണ്.
നിയമം ഭരണഘടനാവിരുദ്ധമെന്ന്
പറയേണ്ടത് എക്സിക്യൂട്ടീവല്ല
ലോകായുക്ത നിയമം തന്നെ ഭരണഘടനാ വിരുദ്ധമാണെന്നതാണ് നിയമ മന്ത്രിയുടെ മറ്റൊരു വാദം. 1999ൽ ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നിയമം പ്രബല്യത്തിലായത്. 22 വർഷങ്ങൾക്ക് മുൻപുള്ള നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഇപ്പോൾ പറയാനുള്ള കാരണം വ്യക്തമല്ല. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ടെന്നാണ് പറയുന്നത്. ഒരു നിയമം ഭരണഘടനാവിരുദ്ധമെന്നു പറയേണ്ടത് എക്സിക്യൂട്ടീവല്ല, കോടതികളാണ്. ഇത് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ലോകായുക്ത നിയമത്തിൽ അപ്പീലിന് വകുപ്പില്ലെന്നതാണ് മറ്റൊരു വാദം. അങ്ങനെയെങ്കിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള വകുപ്പ് കൂട്ടിച്ചേർത്താൽ പോരെ? പ്രതിപക്ഷവും അനുകൂലിക്കാം. അപ്പീൽ വകുപ്പ് ഇല്ലാതെതന്നെ നിലവിൽ ലോകായുക്ത വിധികൾക്കെതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാറുണ്ട്. ഇതിനായി ഹൈക്കോടതിയിൽ ലോകായുക്ത അഭിഭാഷകനെ നിയോഗിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ ഭേദഗതിയനുസരിച്ച് സുപ്രീംകോടതി ജഡ്ജിയായോ ഹൈക്കോടതി ചീഫ് ജസ്റ്റിസായോ പ്രവർത്തിച്ച ലോകായുക്ത ജുഡീഷ്യൽ പ്രക്രിയയിലൂടെ എടുക്കുന്ന തീരുമാനത്തിന്മേൽ മുഖ്യമന്ത്രിയോ ഉദ്യോഗസ്ഥരോ ഹിയറിങ് നടത്തുന്നതിലൂടെ അവർ തന്നെ അപ്പലേറ്റ് അതോറിട്ടിയാകും. ജുഡീഷ്യൽ സംവിധാനമാണ് ജുഡീഷ്യൽ പ്രക്രിയയിലൂടെയുള്ള തീരുമാനം പുനപരിശോധിക്കേണ്ടത്. എക്സിക്യൂട്ടീവ് എങ്ങനെയാണ് ജുഡീഷ്യൽ സംവിധാനത്തിന്റെ അപ്പലേറ്റ് അതോറിട്ടിയാകുന്നത്?
തെറ്റായ വ്യാഖ്യാനം അംഗീകരിക്കാനാകില്ല.
സ്വാഭാവിക നീതിയുടെ ലംഘനം
അവരവരുടെ കേസിൽ അവരവർ തന്നെ ജഡ്ജിയാകാൻ പാടില്ലെന്നത് സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വമാണ്. അങ്ങനെയെങ്കിൽ മന്ത്രിമാർക്കെതിരായ കേസിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതും മുഖ്യമന്ത്രിക്കെതിരായ കേസിൽ മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം ഗവർണർ തീരുമാനമെടുക്കുന്നതും നിയമവിരുദ്ധമാണ്. ഇന്ത്യൻ ജുഡീഷ്യറിയുടെ തന്നെ അടിസ്ഥാന പ്രമാണത്തെയാണ് മന്ത്രിസഭയും എക്സിക്യൂട്ടീവും അട്ടിമറിക്കുന്നത്.
മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസുകളിൽ ലോകായുക്തയിൽ നിന്നും ശക്തമായ വിധിയുണ്ടാകുമോ എന്ന് സർക്കാരും സി.പി.എമ്മും ഭയപ്പെടുന്നുണ്ട്. അനാവശ്യമായി ദുരിതാശ്വാസ നിധി ഉപയോഗിച്ചെന്ന മൂന്ന് കേസും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെതിരായ കേസും ഉൾപ്പെടെ നാല് കേസുകൾ 14ാം വകുപ്പ് പ്രകാരം ലോകായുക്തയുടെ മുന്നിലുണ്ട്. പ്രതികൂലവിധി വന്നാൽ ജലീൽ രാജിവച്ച കീഴ്‌വഴക്കം മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പാലിക്കേണ്ടി വരും.
ഭരണഘടനയുടെ അനുച്ഛേദം 213 ആണ് ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം സർക്കാരുകൾക്ക് നൽകിയിരിക്കുന്നത്. അതനുസരിച്ച് നിയമസഭ സമ്മേളിക്കാത്ത അടിയന്തര സാഹചര്യങ്ങളിലാണ് ഓർഡിനൻസ് പുറപ്പെടുവിക്കേണ്ടത്. ഫെബ്രുവരിയിൽ നിയമസഭ സമ്മേളിക്കുമെന്ന് സർക്കാർ തന്നെ പറയുമ്പോൾ എന്ത് അടിയന്തര സാഹചര്യമാണുള്ളത്? മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസ് ലോകായുക്ത പരിഗണിക്കുന്നു എന്നതു മാത്രമാണ് അടിയന്തര സാഹചര്യം.
മെഡിക്കൽ സർവീസസ് കോർപറേഷനിലേത് ഉൾപ്പെടെ നിരവധി അഴിമതിക്കേസുകൾ ലോകായുക്തയ്ക്ക് മുന്നിലെത്തുമെന്നും സർക്കാരിന് ഭയമുണ്ട്. സർക്കാരിന്റെ നിയമവിരുദ്ധനീക്കത്തെ പ്രതിപക്ഷം നിയമപരമായി ചോദ്യംചെയ്യും.