ramnath-kovind

ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റിന് മുന്നോടിയായി പാർലമെന്റിൽ ഇന്നാരംഭിച്ച ബ‌‌ഡ്‌ജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തി രാഷ്ട്രപതി. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്.

കാർഷിക മേഖലയിൽ വലിയ നേട്ടമുണ്ടായെന്ന് രാഷ്ട്രപതി പറഞ്ഞു. കാർഷിക കയറ്റുമതിയിൽ നല്ല വളർച്ചയുണ്ടായി. 11 കോടി കർഷകർക്ക് കിസാൻ സമ്മാൻ നിധിയിലൂടെ പണം നൽകി. കുടിവെള്ള വിതരണ പദ്ധതി വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചു. നദീസംയോജന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി വ്യക്തമാക്കി.

ലോകത്തിലെ മൊബൈൽ ഫോൺ ഉത്പാദകരിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇലക്ട്രോണിക്സ്, ടെക്നോളജി എന്നിവയുടെ വളർച്ചയുടെ ഫലമായി അന്താരാഷ്ട്രപരമായി നേതൃസ്ഥാനത്തിലെത്തി. തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിച്ചു. ഇന്ത്യ വേഗത്തിൽ വികസിക്കുന്ന സമ്പദ്‌വ്യവസ്ഥയായി മാറി. 7000 സ്റ്റാർട്ട് അപ്പുകളിലൂടെ ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ ലഭിച്ചുവെന്നും രാഷ്ട്രപതി അറിയിച്ചു.

സാമ്പത്തിക മേഖല കുതിക്കുകയാണ്. ജി എസ് ടി വരുമാനം മുൻ വർഷങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചു. കയറ്റുമതിയിൽ ഒന്നരയിരട്ടി വർദ്ധനവ് ഈ വർഷം നേടാൻ സാധിച്ചു. 11 കോടി കർഷകർക്ക് 6000 രൂപ വീതം പ്രതിവർഷം നൽകി. അടിസ്ഥാന സൗകര്യം മെച്ചപ്പെടുന്നു. എട്ട് കൊല്ലത്തിനിടെ അരലക്ഷം കിലോമീറ്റർ ഹൈവേ പൂർത്തിയാക്കി. ദില്ലി- മുംബയ് എക്സ്പ്രസ് വേ രാജ്യത്തെ ഏറ്റവും നീളമേറിയ എക്സ്പ്രസ് വേയാകുമെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട വ്യവസായ മേഖലയിൽ ഒന്നരക്കോടി തൊഴിൽ സംരക്ഷിച്ചു. സാമ്പത്തിക തൊഴിൽ രംഗത്തെ പരിഷ്കരണം ഇനിയും തുടരും. രാജ്യസുരക്ഷയ്ക്കും സർക്കാർ വളരെ പ്രധാന്യം നൽകുന്നു. രാജ്യസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. സൈനിക ഉപകരണങ്ങൾ തദ്ദേശീയമായി നിർമിക്കും. സേനകളുടെ ആധുനിക വത്ക്കരണത്തിൽ 85 ശതമാനം പങ്ക് തദ്ദേശ സ്ഥാപനങ്ങൾക്കായി നിശ്ചയിക്കുമെന്നും നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി വ്യക്തമാക്കി.

കൊവിഡ് പോരാളികൾക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. കൗമാരക്കാർക്കുള്ള വാക്സിനേഷൻ വലിയ നേട്ടമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. കൊവിഡ് കാലത്ത് എല്ലാവർക്കും സൗജന്യ ഭക്ഷണം നൽകാനായി. സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതി മാർച്ച് 2022 വരെ നീട്ടി. സർക്കാരിന്റേത് അംബേദ്കറുടെ തുല്യതാ നയം. രണ്ട് കോടി പാവപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകി. 'ഹർ ഘർ ജെൽ' എന്ന പദ്ധതി പ്രകാരം എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. സ്ത്രീശാക്തീകരണത്തിന് കൂടുതൽ കരുതൽ നൽകും. മഹിളാ ശാക്തീകരണമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. മുത്തലാഖ് നിരോധന ബിൽ സ്ത്രീശാക്തീകരണത്തിലെ ഏറ്റവും വലിയ ഏട്. കിസാൻ സമ്മാൻ നിധി വവലിയ നേട്ടമെന്നും രാഷ്ട്രപതി പറഞ്ഞു.

വിവാഹപ്രായം ഉയർത്തുന്ന ബില്ലിനെക്കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു. സർക്കാർ മുന്നോട്ട് വയ്ക്കുന്നത് അടുത്ത 25 വർഷത്തെ വികസന ദർശനം. എല്ലാവർക്കും വികസനം എത്തിക്കുന്ന രാഷ്ട്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രസംഗത്തിനിടെ പെഗാസസ് വിഷയം ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ഉയർത്തി.