
വിമാനത്തിൽ കയറാനും ഇറങ്ങാനുമായി കോണിപ്പടികൾ നൽകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ചില എയർലൈൻസുകാർ എയർബ്രിഡ്ജ് ഉപയോഗിക്കുമ്പോൾ മറ്റു ചിലർ തങ്ങളുടെ യാത്രക്കാർക്ക് നൽകുന്നത് കോണിപ്പടികളാണ്. ഓരോ എയർലൈൻസിന്റെയും ബോർഡിംഗ് പ്രക്രിയയിലുള്ള വ്യത്യാസമാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണം.
എയർപോർട്ടിനകത്ത് നിന്ന് നേരിട്ട് നടന്ന് വിമാനത്തിനുള്ളിലേക്ക് എത്തുന്ന രീതിയാണ് എയർ ഗേറ്റുകൾ. ജെറ്റ് ബ്രിഡ്ജ്, ജെറ്റ് വാക്ക്, സ്കൈ ബ്രിഡ്ജ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. എയർപോർട്ടിലെത്തിയ യാത്രക്കാർക്ക് ലോഞ്ചിൽ നിന്നോ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നോ എയർ ഗേറ്റുകൾ വഴി നേരിട്ട് വിമാനത്തിനകത്തേക്ക് പ്രവേശിക്കാം.
എയർപോർട്ടിനകത്ത് നിന്ന് നേരിട്ട് ഇവ വിമാനത്തിലെ വാതിലുമായിട്ടാകും ബന്ധിപ്പിക്കുക. അതേ സമയം, ചില വിമാനങ്ങളിൽ അത്തരത്തിലൊരു സൗകര്യമുണ്ടാകില്ല. യാത്രക്കാർ റൺവേയിൽ എത്തിയ ശേഷം അവിടെ നിന്നും കോണിപ്പടി കയറി അകത്തേക്ക് പ്രവേശിക്കേണ്ടി വരാം. എന്തുകൊണ്ട് ചില വിമാനങ്ങളിൽ ആ സൗകര്യമൊരുക്കുന്നില്ലെന്ന് ചോദിച്ചാൽ ഉത്തരം ഇതാണ്, ചെലവ് കുറയ്ക്കുക എന്നത് തന്നെ.
ബഡ്ജറ്റ് എയർലൈനുകളും കുറഞ്ഞ നിരക്കിലുള്ള എയർലൈനുകളുമാണ് കൂടുതലും കോണിപ്പടികളെ ആശ്രയിക്കുന്നത്. യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച സേവനം വാഗ്ദാനം ചെയ്യുക എന്നതാണ് എയർബ്രിഡ്ജുകളെ ഒഴിവാക്കാനുള്ള പ്രധാന ലക്ഷ്യം.
മിക്ക വിമാനത്താവളങ്ങളും എയർ ഗേറ്റുകൾക്ക് ഉയർന്ന ഫീസ് ഈടാക്കുന്നതിനാൽ പല എയർലൈനുകളും കോണിപ്പടിയാണ് തിരഞ്ഞെടുക്കുന്നത്. കോണിപ്പടികളുടെ ഉപയോഗം എയർപോർട്ട് ലാൻഡിംഗ് ഫീസിൽ ഉൾപ്പെടുത്താറില്ല. ചെലവ് കൂടുതലായതുകൊണ്ടാണ് വിമാനത്താവളത്തിലെ പ്രധാന എൻട്രൻസിൽ നിന്നും കുറച്ച് അകലെയുള്ള ഒരു ലാൻഡിംഗ് സ്ഥലം തിരഞ്ഞെടുത്ത് യാത്രക്കാർക്ക് കയറാനും ഇറങ്ങാനുമായി കോണിപ്പടികൾ നൽകുന്നത്.