
ടിപ്പുവിന്റേതടക്കമുള്ള ആക്രമണങ്ങളെ അതിജീവിച്ച് ചരിത്രത്തിന് സാക്ഷിയായ് ഇന്നും നിലകൊള്ളുകയാണ് വയനാട്ടുകാർ കല്ലമ്പലങ്ങളെന്ന് വിളിയ്ക്കുന്ന പുരതന ജൈന ക്ഷേത്രങ്ങളായ വിഷ്ണുഗുഡിയും ജനാർദ്ധനഗുഡിയും. രണ്ടും ഒൻപതു നൂറ്റാണ്ടിന്റെ പഴക്കം അവകാശപെടുന്നവ. പനമരത്തിനടുത്ത് പുത്തങ്ങാടിയിലാണ് വിഷ്ണുഗുഡിയും ജനാർദ്ധനഗുഡിയും സ്ഥിതി ചെയ്യുന്നത് . മുത്ത് വ്യാപാര കേന്ദ്രമായിരുന്ന മുത്തംഗിടിയാണ് കാലാന്തരത്തിൽ പുത്തങ്ങാടിയായത്. അംഗിടിയെന്ന കന്നട വാക്കിന്റെയർത്ഥം അങ്ങാടിയെന്നാണ്; കന്നട സംസാരിയ്ക്കുന്ന ജൈനരും വൈഷ്ണവരുമാണ് ഈ പ്രദേശത്ത് ഇന്നും താമസിയ്ക്കുന്നത്.
പനമരം - ബീനാച്ചി പാതയിൽ നിന്ന് 100 മീറ്ററോളം മാറി കാപ്പിത്തോട്ടത്തിനകത്തായാണ് വിഷ്ണു ഗുഡി ജൈന ക്ഷേത്രത്തിന്റെ നിൽപ്പ്. കൂറ്റൻ കരിങ്കൽ പാളികളും തൂണുകളും കൊണ്ട് നിർമ്മിയ്ക്കപ്പെട്ട ഈ ക്ഷേത്രത്തിന് ഒൻപത് നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. പാതി തകർന്ന നിലയിലുള്ള ക്ഷേത്രം പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ട് വർഷങ്ങളായെങ്കിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നടക്കുന്നത്. സംരക്ഷിത പ്രദേശത്തിന് ചുറ്റും ബോർഡ് സ്ഥാപിച്ചതും അടുത്തിടെ വേലി കെട്ടിയതും മാത്രമാണ് പ്രത്യക്ഷത്തിലുള്ള മാറ്റം. തകർക്കപ്പെട്ട ശ്രീകോവിലിനുള്ളിൽ പ്രധാന വിഗ്രഹമില്ല. കല്ലുപയോഗിച്ച് നിർമ്മിച്ചത് കൊണ്ട് മാത്രമാവും ഈ ക്ഷേത്രങ്ങൾ ടിപ്പുവിന്റേതടക്കമുള്ള ആക്രമണങ്ങളെ അതിജീവിച്ച് ചരിത്രത്തിന് സാക്ഷിയായ് ഇന്നും നിലനിൽക്കുന്നത്.
മനോഹരമായ ശിൽപ്പങ്ങൾ കൊത്തിവെച്ചിരിയ്ക്കുകയാണ് ഓരോ തൂണിലും . തീർത്ഥങ്കരൻമാരെയാണ് ജൈനർ ആരാധിയ്ക്കുന്നതെങ്കിലും ഹൈന്ദവ ആരാധനാ മൂർത്തികളാണ് ഈ ശിൽപ്പങ്ങളിലേറെയുമെന്നത് കൗതുകകരമാണ്. ജൈന മതത്തിൽ നിന്ന് വൈഷ്ണവ മതത്തിലേയ്ക്ക് മാറിയ ഹൊയ്സാല രാജാവ് ബിട്ടി ദേവന്റെ കാലത്തേതാവാം ഈ ക്ഷേത്രങ്ങൾ. പുഞ്ചവയലിൽ നിന്ന് നീർവാരത്തേയ്ക്കുള്ള പാതയിലാണ് ജനാർദ്ധനഗുഡി . അക്ഷരാർത്ഥത്തിൽ ഈ ചരിത്ര സ്മാരകം പാതയിൽ തന്നെയാണുള്ളത്; അപകടകരമായ രീതിയിൽ. മുഖമണ്ഡപത്തിന്റെ പകുതി മണ്ണടിഞ്ഞത് ഏതാനം വർഷങ്ങൾക്ക് മുൻപാണ്.
ഇപ്പോൾ പക്ഷെ തത്കാലത്തേക്ക് കമ്പികൾ കൊണ്ട് താങ്ങു കെടുത്തിട്ടുണ്ട് ഇവിടുത്തെ നിർമ്മിതികൾക്ക്. വരും തലമുറകൾക്ക് പാഠപുസ്തകങ്ങളാകേണ്ട ഈ ചരിത്ര നിർമ്മിതികൾ പുനരദ്ധരിച്ച് സംരക്ഷിയ്ക്കപ്പെടുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം. അതിനു പുരാവസ്തു വകുപ്പ് മനസ്സ് വയ്ക്കണം. ടിപ്പുവിന്റെ പടയോട്ടത്തിനു പോലും തകർക്കാനാകാത്ത ഈ പുരാതന നിർമ്മിതികൾ പക്ഷെ തകർന്നടിയാൻ അവസരം നൽകരുതേ എന്നാണ് ഓരോ വയനാട്ടുകാരനുംപറയാനുള്ളത്.