
ഹൈദരാബാദ്: ഒമ്പതാം ക്ലാസുകാരൻ ഓടിച്ച കാർ പാഞ്ഞുകയറി നാല് സ്ത്രീകൾ മരിച്ചു. തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. നടപ്പാതയിൽ ഇരിക്കുകയായിരുന്ന ലളിത(27),സുനിത (30), പരിയാങ് (32), എസ് ജ്യോതി (14) എന്നിവരാണ് മരിച്ചത്. നടപ്പാതയിൽ കത്തിയും മറ്റു സാധനങ്ങളും വില്പന നടത്തുന്നവരാണ് മരണപ്പെട്ട സ്ത്രീകൾ.
വ്യവസായിയായ രാജേന്ദ്ര പ്രസാദിന്റെ 16 കാരനായ മകനാണ് കാർ ഓടിച്ചിരുന്നത്. രാവിലെ ആറുമണിയോടെ ഒമ്പതാം ക്ലാസുകാരൻ 14 വയസുള്ള രണ്ട് സുഹൃത്തുക്കളോടൊപ്പം ബാഡ്മിന്റൺ കളിക്കാൻ സമീപത്തെ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടതായിരുന്നു. അതിനിടെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ നടപ്പാതയിലേക്ക് പാഞ്ഞുകയറുകയും സ്ത്രീകളുടെ മുകളിലൂടെ കയറിയിറങ്ങി അപകടം ഉണ്ടാകുകയായിരുന്നു . സംഭവത്തിന് ശേഷം കുട്ടികൾ ഓടി രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് കുട്ടിയുടെ പിതാവിനെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്ന് കരിംനഗർ പൊലീസ് കമ്മീഷണർ വി സത്യനാരായണ പറഞ്ഞു. ഈ കുട്ടി ഇതിന് മുമ്പും ഇതേ റോഡിൽ വാഹനം ഓടിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കാർ അമിത വേഗതയിലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അമിത വേഗതയുടെ പേരിൽ നേരത്തെയും ഈ കാറിന് പിഴ ചുമത്തിയിട്ടുണ്ട്.