murder

ബുലന്ദ്ഷഹർ: ഉത്തർപ്രദേശിൽ രണ്ട് ദിവസം മുമ്പ് കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ബുലന്ദ്ഷഹർ സ്വദേശിയായ ഡോക്ടറുടെ മകനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഡോക്ടറുടെ ക്ലിനിക്കിലെ മുൻ ജീവനക്കാരായ രണ്ട്‌പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച കുട്ടിയെ കാണാതായ ഉടൻതന്നെ ഡോക്ടർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെ മുൻ ജീവനക്കാരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. നിജാം, ഷാഹിദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഇവരാണെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. ജോലിയിൽ പിഴവ് വരുത്തിയതിനാണ് രണ്ട് വർഷം മുമ്പ് ഇരുവരെയും ഡോക്ടർ പിരിച്ചുവിട്ടത്. ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി.