nirmala-sitharaman

ന്യൂഡൽഹി: നാളെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബ‌ഡ്‌ജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സ്ഥിതിവിവരക്കണക്ക് അനുബന്ധം സഹിതം സാമ്പത്തിക സർവേ പാർലമെന്റിൽ അവതരിപ്പിച്ചു. 2022 ഏപ്രിൽ ഒന്ന് മുതൽ ആരഭിക്കുന്ന സാമ്പത്തിക വർഷത്തേയ്ക്കുള്ളതാണ് ബഡ്‌ജറ്റ്.

2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ എട്ട് മുതൽ 8.5 ശതമാനം വരെ ജിഡിപിയിൽ വളർച്ചയുണ്ടാകുമെന്ന് സാമ്പത്തിക സർവേ പ്രവചിച്ചു. 2022 നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 9.2 ശതമാനമാകുമെന്നാണ് പ്രതീക്ഷ. 2021- 2022ൽ മൊത്തം ഉപഭോഗം 7.0 ശതമാനം വർദ്ധിച്ചതായും കണക്കാക്കപ്പെടുന്നു. 2021- 2022 കാലയളവിൽ കൃഷിയും അനുബന്ധ മേഖലകളും 3.9 ശതമാനം വളർച്ച കൈവരിക്കുമെന്നും നടപ്പ് സാമ്പത്തിക വർഷത്തിൽ സേവന മേഖല 8.2 ശതമാനം വളർച്ച നേടുമെന്നും കണക്കാക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളുടെ നിലവിലെ അവസ്ഥയും അവയുടെ വളർച്ച മെച്ചപ്പെടുത്തുന്നതായി നടപ്പാക്കേണ്ട പരിഷ്കാരങ്ങളും സാമ്പത്തിക സർവേയിൽ വിശദീകരിക്കുന്നു.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സി എ ഇ) നേതൃത്വത്തിലുള്ള സംഘമാണ് സാധാരണയായി സാമ്പത്തിക സർവേ തയ്യാറാക്കുന്നത്. എന്നാൽ ഇത്തവണ പ്രിൻസിപ്പൽ എക്കണോമിക് അഡ്വൈസറുടെ നേതൃത്വത്തിലുള്ള സംഘമാണ് സർവേ തയ്യാറാക്കിയത്. മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ കെ വി സുബ്രഹ്മണ്യൻ 2021 ഡിസംബറിൽ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ അടുത്തിടെ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അനന്ത നാഗേശ്വരൻ സ്ഥാനമേറ്റിരുന്നു.