
ചിറ്റൂർ: ഉപഭോഗം കൂടിയ സമയത്തുള്ള വൈദ്യുതി നിരക്ക് കൂട്ടാൻ നിർബന്ധിതമായിരിക്കുകയാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വരുന്ന അഞ്ചു വർഷക്കാലയളവിൽ വൈദ്യുതി ബോർഡിന്റെ വരവു ചെലവു കണക്കുകൾ സമർപ്പിക്കുന്ന നടപടിക്രമം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കുറെക്കാലമായി വൈദ്യുതി നിരക്ക് കൂട്ടിയിട്ടില്ല. തുടർന്നുള്ള ദിവസങ്ങളിൽ പൊതുജനങ്ങളിൽ നിന്നും വിവിധ ഗുണഭോക്തൃ സംഘടനകളുമായും ഹിയറിംഗ് നടത്തി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചു കൊണ്ട് മാത്രമേ കമ്മിഷൻ അന്തിമ തീരുമാനത്തിൽ എത്തുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ഇത്തരം നടപടിക്രമങ്ങളുടെ ഏതു ഘട്ടത്തിലും ഇടപെടാനുള്ള അധികാരം സർക്കാരിനുണ്ട്. കൊവിഡ് മൂലമുള്ള വരുമാനക്കുറവും ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതന വർദ്ധന മൂലമുള്ള 40 കോടിയോളം രൂപയുടെ അധിക സാമ്പത്തിക ബാദ്ധ്യതകളും ഇപ്പോൾ സർപ്പിക്കുന്ന കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ടവർക്കും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ബാദ്ധ്യത വരുത്തുന്ന തീരുമാനത്തിന് സർക്കാർ മുതിരുകയില്ല. ചെലവുകൾ പരമാവധി കുറച്ചും കാര്യക്ഷമത വർദ്ധിപ്പിച്ചും ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിച്ച് റവന്യു കമ്മി പരമാവധി കുറയ്ക്കാനുള്ള നടപടികൾ ഇതിനോടകം തന്നെ ബോർഡ് സ്വീകരിച്ചിട്ടുണ്ട്.
നിരക്ക് വർദ്ധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്ന് വൈദ്യുതിമന്ത്രി പറഞ്ഞു.
നിരക്ക് ചെറിയ തോതിലെങ്കിലും വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്.കെ.എസ്.ഇ.ബി.യുടെ നിലനിൽപ്പ് കൂടി നോക്കണം.കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം.അഞ്ച് പദ്ധതികൾ ഇക്കൊല്ലം ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ താൽക്കാലമില്ലെന്നും മന്ത്രി പറഞ്ഞു.