
ഒരു മനുഷ്യന്റെ ഭാവി ജീവിതത്തെ കുറിച്ച് മുൻകൂറായി മനസിലാക്കാൻ സഹായിക്കുന്ന ശാസ്ത്രശാഖയാണ് ഹസ്തരേഖാശാസ്ത്രം. ഒരാളുടെ ജനനത്തിൽ തന്നെ കൈപ്പത്തിയിൽ രൂപപ്പെടുന്ന സുപ്രധാന രേഖകൾ സാധാരണയായി മാഞ്ഞ് പോകാറില്ല. ഇവയുടെ സ്ഥാനവും പ്രത്യേകതയുമൊക്കെ മനസിലാക്കികൊണ്ട് ഭാവി ജീവിതത്തിൽ ഉണ്ടാകാൻ ഇടയുള്ള കാര്യങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. വ്യക്തി ജീവിതത്തിലെ പുതിയൊരു ഘട്ടമാണ് വിവാഹത്തോടെ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. ഹസ്തരേഖാശാസ്ത്രത്തിന്റെ സഹായത്തോടെ ഭാവി ജീവിതത്തിലെ ചില കാര്യങ്ങൾ മനസിലാക്കാം.
പങ്കാളിയുടെ സ്വഭാവം അറിയാം
ഹൃദയ രേഖ, വിധി രേഖ എന്നിവയാണ് പങ്കാളിയുടെ സ്വഭാവം എങ്ങനെയാകും എന്ന് തീരുമാനിക്കുന്നത്. കൈപ്പത്തിയുടെ മുകള്‍ഭാഗത്ത് നിന്ന് ആരംഭിക്കുന്നതാണ് ഹൃദയ രേഖ. വ്യാഴത്തിലേക്ക് ശാഖയുള്ള വളഞ്ഞ് കോട്ടമില്ലാത്ത ഹൃദയരേഖ ഭാര്യ ഭർത്താവിനും നേരേ തിരിച്ചും താങ്ങും തണലുമായിരിക്കും എന്നതിന്റെ സൂചനയാണ്. കൂടാതെ ചന്ദ്രനിൽ നിന്ന് തുടങ്ങി ശനിയിൽ അവസാനിക്കുന്ന വിധി രേഖയും ഭാര്യ ഭർത്താക്കന്മാർക്കിടയിലുള്ള സ്നേഹത്തെ സൂചിപ്പിക്കുന്നു.
വിവാഹത്തിന് ശേഷം ഉയർച്ച

വിവാഹ രേഖയിൽ നിന്നൊരു ശാഖ സൂര്യരേഖയുമായി സന്ധിക്കുന്ന സ്ഥലത്ത് ഒരു നക്ഷത്രമുണ്ടാകുകയും ശുക്രമണ്ഡലത്തിൽ നിന്നൊരു രേഖ പുറപ്പെട്ട് വിധിരേഖയിൽ ചെന്നു ചേരുകയും ചെയ്‌താൽ ശോഭനമായ വിവാഹ ജീവിതമാണ് ഫലം. കൂടാതെ പങ്കാളിയുടെ ജീവിതത്തിലും ജോലിയിലും ഉയർച്ചക്കും കാരണമാകും.
സമ്പാദ്യം വർദ്ധിക്കും
ചന്ദ്രനിൽ നിന്ന് ആരംഭിക്കുന്ന ഒരു രേഖ വിധി രേഖയിൽ ചേരുകയും സൂര്യരേഖ ഉദയം ചെയ്യുകയും ചെയ്‌താൽ വിവാഹത്തിന് ശേഷം സമ്പാദ്യം പതിൻമടങ്ങായി വർദ്ധിക്കും. കൂടാതെ പ്രശസ്‌തി, മനസമാധാനം എന്നിവയ്ക്കും ഇത് കാരണമാകും എന്നാണ് വിശ്വാസം.
വിവാഹത്തോടെ അഭിവൃദ്ധി നേടുന്നവർ
വിധി രേഖയുടെ സ്ഥാനം ചൂണ്ടു വിരലിലേക്ക് വളഞ്ഞു നീങ്ങുകയും വ്യാഴ മണ്ഡലത്തിൽ നക്ഷത്ര ചിഹ്നം കാണുകയും ചെയ്‌താൽ പൂർണമായ വിജയമാണ് ഫലം. വിവാഹം കഴിയുന്നതോടെ മാത്രമേ ഫലങ്ങൾ ഉണ്ടായി തുടങ്ങു എന്ന് മാത്രം. ഇത്തരക്കാർക്ക് വിവാഹശേഷം അപ്രതീക്ഷിതമായ സൗഭാഗ്യങ്ങളും, ഉയർന്ന പദവിയും വന്നുചേരും.