jaleel

തിരുവനന്തപുരം: ലോകായുക്ത ജസ്‌റ്റിസ് സിറിയക് തോമസിനെ നിശിതമായി വിമർശിച്ച മുൻ മന്ത്രി കെ.ടി ജലീലിന്റെ നടപടിയ്‌ക്കെതിരെ ഹർജി. ലോകായുക്തയിലാണ് ലോയേഴ്‌സ് കോൺഗ്രസ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ജലീലിനെതിരായി ഡിജിപിയ്‌ക്കും പരാതി നൽകിയിട്ടുണ്ട്.

ലോയേഴ്‌സ് കോൺഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ് ജലീലിന്റെത് മനപൂർവം ലോകായുക്തയെ ഇകഴ്‌ത്തുന്ന തരത്തിലുള‌ള പോസ്‌റ്റുകളാണെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകിയത്. ജലീൽ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് നിയമപരമായി തെളിവില്ലെന്നും അതിനാൽ കോടതിയലക്ഷ്യം ചുമത്തണമെന്നുമാണ് ഹർജിയിൽ അഡ്വ.രാജീവ് ചാരാച്ചിറ ആവശ്യപ്പെടുന്നത്.

ജലീലിനെതിരെ ഡിജിപിയ്‌ക്ക് പുറമെ കാസർകോട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. തക്ക പ്രതിഫലം കിട്ടിയാൽ ആർക്കെതിരെ എന്ത് കടുംകൈയും ചെയ്യുന്നയാളാണ് ജസ്‌റ്റിസെന്നും പിണറായി വിജയനെ പിന്നിൽനിന്ന് കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്തയെന്നുമായിരുന്നു ജലീലിന്റെ ആരോപണം.

സഹോദര ഭാര്യയായ ഡോ.ജാൻസി ജെയിംസിനെ എം.ജി സർവകലാശാല വി.സിയാക്കാൻ സിറിയക്ക് ജോസഫ് യുഡിഎഫ് നേതാവിനെ രക്ഷപ്പെടാൻ അനുവദിച്ചെന്നും പോസ്‌റ്റിൽ ജലീൽ ആരോപിച്ചു. 2005ൽ കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്‌ക്രീം പാർലർ കേസിന്റെ വിധിപകർപ്പ് പങ്കുവച്ചായിരുന്നു ജലീലിന്റെ ആരോപണം. കുഞ്ഞാലിക്കുട്ടിയ്‌ക്ക് അനുകൂലമായി വിധിവന്ന ബെഞ്ചിൽ ജസ്‌റ്റിസ് സിറിയക് ജോസഫും അംഗമായിരുന്നു.

2013ൽ ദേശീയ മനുഷ്യാവകാശ കമ്മീഷണ അംഗമായി സിറിയക് ജോസഫിനെ നിയമിച്ചതിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുൺ ജെയ്‌റ്റ്‌ലിയും വിയോജനകുറിപ്പെഴുതിയതിന്റെ പരിഭാഷയും ജലീൽ പങ്കുവച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജലീലിനെതിരായി വിധി പറഞ്ഞത് ജസ്‌റ്റിസ് സിറിയക് ജോസഫായിരുന്നു. സർക്കാർ നിലവിൽ ലോകായുക്ത ഭേദഗതി കൊണ്ടുവരുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം കനക്കുമ്പോഴാണ് ലോകായുക്തയ്‌ക്കെതിരെ ജലീൽ ആരോപണമുന്നയിച്ചത്.