alcohol

കേംബ്രിഡ്ജ്: മദ്യപിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കുമറിയാം. അക്കാരണത്താൽ ചെറിയ അളവിൽ മദ്യപിക്കുന്നവരാണ് കൂടുതൽപേരും. എന്നാൽ കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുമോ എന്ന വിഷയത്തിൽ ചില ഞെട്ടിക്കുന്ന കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ് ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റി.

യുകെയിൽ പ്രസിദ്ധീകരിച്ച ഒരു ജേർണലിൽ പറയുന്നതനുസരിച്ച് ആഴ്ചയിൽ 14യൂണിറ്റ് മദ്യം കഴിക്കാം എന്നാണ്. എന്നാൽ ഈ അളവിൽ മദ്യം കഴിക്കുന്നതുപോലും ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. യുകെ ബയോബാങ്ക് പഠനത്തിൽ നിന്ന് ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ 40നും 69നും ഇടയിൽ പ്രായമുള്ള 3,50,000 ജനങ്ങളിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായും വന്നിട്ടുണ്ട്. ഇതിൽ 3,33,259 പേരും കുറഞ്ഞ അളവിൽ മദ്യം കഴിച്ചവരാണ്. ആഴ്ചയിൽ 14യൂണിറ്റിൽ താഴെ മാത്രം മദ്യം കഴിച്ചവരിൽ ഹൃദയസംബന്ധമായ അസുഖം വരാനുള്ള സാദ്ധ്യത 23 ശതമാനം വർദ്ധിച്ചതായും കണ്ടെത്തി.

alcohol

ബിഎസ്‌സി ഹോൺസ് മെഡിക്കൽ സയൻസ് പ്രോഗ്രാമിന്റെ കോഴ്‌സ് ലീഡറും എആർയുവിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ റുഡോൾഫ് ഷൂട്ടെ പറയുന്നതനുസരിച്ച് പുകവലി നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞതുപോലൊരു മിഥ്യയാണ് ചെറിയ അളവിലുള്ള മദ്യപാനം ആരോഗ്യത്തെ ബാധിക്കില്ല എന്നതും.

ആഴ്ചയിൽ 14യൂണിറ്റിൽ താഴെ ബിയറോ മറ്റേതെങ്കിലും മദ്യമോ കഴിക്കുന്നതിലൂടെ ഹൃദയസംബന്ധമായ രോഗങ്ങൾ വരുന്നതിനും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട തരത്തിൽ ഗുരുതരമാവുന്നതിനും കാരണമാകുന്നു. മുമ്പ് നടത്തിയിട്ടുള്ള പഠനങ്ങൾ തെറ്റാണെന്ന് പുതിയ പഠനങ്ങളും വരും കാലങ്ങളിൽ നടക്കാൻ പോകുന്ന പഠനങ്ങളും തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.