priyanka-gandhi-

ലക്‌നൗ: ഉത്തർപ്രദേശിൽ കോൺഗ്രസ് മാത്രമാണ് ജനങ്ങളുടെ സ്ഥിതി മനസിലാക്കിയതെന്ന് പ്രിയങ്ക ​ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യോഗി ആദിത്യനാഥ് ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങൾ മാത്രമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഉത്തർപ്രദേശിൽ കോൺഗ്രസ് കഠിനാധ്വാനം നടത്തുകയാണ്. അതുകൊണ്ട് തന്നെ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ശുഭ പ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പിന് ദിവങ്ങൾ മാത്രം ശേഷിക്കെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ കരിമ്പ് കര്‍ഷകർ പ്രതിഷേധം നടത്തുകയാണ്. കരിമ്പിന്റെ വില തകർച്ചയും വിവിധ ഷുഗർ മില്ലുകളിൽ നിന്ന് കിട്ടാനുള്ള ഭീമമായ കുടിശിക ലഭ്യമാക്കാൻ സർക്കാർ നടപടി ഉണ്ടാകാത്തതുമാണ് പ്രതിഷേധങ്ങളുടെ കാരണം.

ഉത്തര്‍പ്രദേശിലെ കരിമ്പ് ഉല്പാദന മേഖലയിൽ 40 ലക്ഷത്തോളം കര്‍ഷകരാണ് ജോലി ചെയ്യുന്നത്. സഹകരണ മേഖലിയിലേത് ഉള്‍പ്പടെ 150 ഓളം വരുന്ന ഷുഗര്‍ മില്ലുകളില്‍ നിന്നായി 2000 കോടിയോളം രൂപ കുടിശിക കര്‍ഷകര്‍ക്ക് കിട്ടാനുണ്ട്. കർഷകരുടെ പണം നൽകാത്ത മില്ലുടമകൾക്കെതിരെ സ്വത്ത് കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും കർഷകർ അത് വിശ്വാസത്തിൽ എടുത്തിട്ടില്ല. അഞ്ച് വര്‍ഷത്തിനിടെ കരിമ്പിന്റെ താങ്ങുവിലയിൽ നേരിയ വർദ്ധനവ് മാത്രമാണ് ഉണ്ടായത്. ഇതും കർഷക പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.