രജനീകാന്തിനും പ്രഭാസിനും പിന്നാലെ തെന്നിന്ത്യയിൽ നിന്ന് അല്ലു അർജുൻ

നൂറുകോടി ക്ളബിൽ ഇടം നേടി അല്ലു അർജുൻ. അല്ലു നായകനായ പുഷ്പ യുടെ ഹിന്ദി പതിപ്പ് 100 കോടി നേടി എന്നാണ് റിപ്പോർട്ട്. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തിട്ട് ഒരു മാസം പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ റെക്കാഡ് സൃഷ്ടിച്ചിരിക്കുകയാണ്. തിയേറ്ററുകളിൽ ഇപ്പോഴും ചിത്രം പ്രദർശനം തുടരുകയാണ്. ഡിസംബർ 17നാണ് പുഷ്പ ലോകവ്യാപകമായി തിയേറ്ററിൽ റിലീസ് ചെയ്തത്. 
തെലുങ്കിന് പുറമെ, കന്നട, മലയാളം, തമിഴ് , ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ഇതുവരെ ചിത്രം 300 കോടി രൂപ കളക്ഷൻ നേടി എന്നാണ് വിവരം. രജനീകാന്തിനും പ്രഭാസിനും പിന്നാലെ തെന്നിന്ത്യയിൽ നിന്ന്  നൂറുകോടി ക്ളബിൽ ഇടംപിടിക്കുന്ന താരമാണ് അല്ലു അർജുൻ.കള്ളക്കടത്തുകാരൻ പുഷ്പരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അല്ലു അർജുൻ എത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്കുശേഷം അല്ലുവും സംവിധായകൻ സുകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസിൽ ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാമന്തയുടെ ഐറ്റം ഡാൻസായിരുന്നു പുഷ്പയുടെ ഹൈലൈറ്റ്. കെ. രാഘവേന്ദറാവു സംവിധാനം ചെയ്ത ഗംഗോത്രി ആണ് അല്ലുവിന്റെ ആദ്യ ചിത്രം. ആര്യ എന്ന ചിത്രം അഭിനയജീവിതത്തിൽ വഴിത്തിരിവാകുകയും ചെയ്തു. ഈ ചിത്രത്തോടെ അല്ലു യുവാക്കളുടെ പ്രിയങ്കരാനായി മാറി. ഇന്നും യുവാക്കളാണ് അല്ലുവിന്റെ ആരാധകരിൽ അധികവും. 2005ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമായ ബണ്ണിയും വലിയ വിജയം നേടി. നാലാമത്തെ ചിത്രമായ ഹാപ്പിയും സൂപ്പർഹിറ്റ്.
കേരളത്തിൽ ഹാപ്പി 160 ലധികം ദിവസമാണ് പ്രദർശിപ്പിച്ചത്. പുഷ്പയ്ക്ക് മുൻപ് പുറത്തിറങ്ങിയ അല്ലു അർജുൻ ചിത്രം അല വൈകുണ്ഡപുരമുലോ ആണ്. ജയറാമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. പുഷ്പ നേടുന്ന ചരിത്ര വിജയത്തിന്റെ ആവേശത്തിലാണ് അല്ലുവിന്റെ ആരാധകർ. പുഷ്പയുടെ രണ്ടാം ഭാഗം മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.