
ലക്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ക്ളിനിക്ക് നടത്തിയിരുന്ന ഡോക്ടറുടെ എട്ടുവയസുകാരനായ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുൻ ജീവനക്കാരായ നിജാം, ഷാഹിദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വീട്ടിൽ നിന്നു കാണാതായ കുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാത്രി ഛത്താരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കണ്ടെത്തിയിരുന്നു. ഇരുവരും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
മകനെ കാണാതായ ഉടൻ ഡോക്ടറായ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. വിശദമായി അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ നിജാമിനെയും ഷാഹിദിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു.
ഡോക്ടറുടെ ക്ളിനിക്കിൽ കമ്പൗണ്ടർമാരായിരുന്ന ഇരുവരെയും, ജോലിയിൽ വീഴ്ച വരുത്തിയതിന് രണ്ടുവർഷം മുമ്പാണ് പിരിച്ചുവിട്ടത്. എന്നാലിതിന് ഡോക്ടറോട് പ്രതികാരം ചെയ്യണമെന്ന് പ്രതികൾ തീരുമാനിച്ചു. രണ്ടുവർഷം കഴിഞ്ഞിട്ടും പക അവസാനിച്ചില്ല. തുടർന്നാണ് ഡോക്ടറുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് തട്ടിക്കൊണ്ടുപോയ കുട്ടിയെ അന്ന് രാത്രി തന്നെ പ്രതികൾ കൊലപ്പെടുത്തിയിരുന്നു.