
കായംകുളം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ റിസർവ് അംഗമായി കായംകുളം സ്വദേശി എസ്.മിഥുനെ ഉൾപ്പെടുത്തി.പരമ്പരയ്ക്കുള്ള ടീമിനെ ബി.സി.സി.ഐ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ റിസർവ് താരങ്ങളെയും ഉൾപ്പെടുത്തുകയായിരുന്നു. 4 വർഷമായി ആഭ്യന്തര ക്രിക്കറ്റിൽ കേരള ടീമിലെ സ്ഥിരാംഗമാണ് ലെഗ് സ്പിന്നറായ മിഥുൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ചിട്ടുണ്ട് .
മിഥുനെ റിസർവ് സ്ക്വാഡിൽ ഉൾപ്പെടുത്തിയ വിവരം ഞായറാഴ്ച രാവിലെയാണ് സെലക്ടർ സുനിൽ ജോഷി ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്ജിനേയും കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ.ശ്രീജിത്ത് നായരേയും അറിയിച്ചത്.
കഴിഞ്ഞ രണ്ട് മാസം മുമ്പ് നടന്ന സെയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റ് വീഴ്ത്തിയതാണ് ടീമിലേക്കുള്ള വഴിതുറന്നുകിട്ടാനിടയാക്കിയത്. ഏജീസ് ഓഫീസ് ജീവനക്കാരനായ ഈ ഇരുപത്തേഴുകാരൻ പുല്ലുകുളങ്ങര സ്വദേശിയാണ്. രേഷ്മയാണ് ഭാര്യ. കായംകുളം കേന്ദ്രമാക്കിയുള്ള ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിയിലാണ് മിഥുന്റെ പരിശീലനം.മിഥുന്റേത് സ്വപ്നതുല്യ നേട്ടമാണെന്ന് അക്കാദമി ഡയറക്ടർ സിനിൽ സബാദ് പറഞ്ഞു.