v

വാഷിംഗ്ടൺ: ആണവായുധങ്ങളടക്കമുള്ള മിസൈൽ വിഷയങ്ങളിൽ നേരിട്ടുള്ള ചർച്ചയ്ക്ക് ഉത്തരകൊറിയ തയ്യാറാകണമെന്നാവശ്യപ്പെട്ട് അമേരിക്ക. ഞായറാഴ്ച വൻ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച സാഹചര്യത്തിലാണിത്. ഈ മാസം ഇതുവരെ ഏഴ് മിസൈൽ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. വിഷയത്തിൽ ചർച്ച നടത്തേണ്ടത് ആവശ്യമാണെന്ന് ഉന്നത വൈറ്റ്ഹൗസ് വ‌ൃത്തങ്ങൾ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടേയും സുരക്ഷാ സമിതിയുടെ തീരുമാനങ്ങളുടേയും ലംഘനം ഉത്തര കൊറിയ ആവർത്തിക്കുകയാണെന്നും തങ്ങൾക്ക് ആശങ്കയുണ്ടെന്നും ബൈഡന്റെ പ്രതിനിധി പറഞ്ഞു. ഉത്തര കൊറിയയുമായി ചർച്ച നടത്താൻ ജോ ബൈഡൻ ഭരണകൂടം പലതവണ ശ്രമിച്ചെങ്കിലും അവർ തയ്യാറായില്ല. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെങ്കിലും അമേരിക്ക രാജ്യത്തിന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കണമെന്ന കിമ്മിന്റെ ആവശ്യം നടന്നില്ല.

 പരീക്ഷണം സ്ഥിരീകരിച്ച് ഉത്തര കൊറിയ

ഞായറാഴ്ച മിസൈൽ പരീക്ഷണം നടത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഉത്തരകൊറിയ. ഇന്റർമീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഹസോങ്-12 ആണ് പരീക്ഷിച്ചത്. മിസൈൽ പകർത്തിയ ബഹിരാകാശത്ത് നിന്നുള്ള ചിത്രങ്ങളടക്കം കൊറിയൻ വാർത്ത ഏജൻസിയായ കെ.സി.എൻ.എയാണ് പുറത്ത് വിട്ടത്. മിസൈൽ പരീക്ഷണത്തിന്റേയും സഞ്ചാരത്തിന്റേയും ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.