
തൃശൂർ: എഴുത്തുകാരനും നാടൻ കലാ ഗവേഷകനും അദ്ധ്യാപകനുമായ ഡോ. സി.ആർ. രാജഗോപാലൻ (64) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. 2002 ൽ കേരള ഫോക്‌ലോർ അക്കാഡമി, കേരളസംഗീത നാടക അക്കാഡമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ്, വംശീയ സംഗീതം പ്രോജക്ട്, നാടോടി രംഗാവതരണങ്ങളുടെ ദേശീയ സൗന്ദര്യബോധത്തെപ്പറ്റി യു.ജി.സിയുടെ മേജർ പ്രോജക്ട് എന്നിവയും നേടി.
നിരവധി നാടൻപാട്ടുകളുടെ ആൽബങ്ങളും ഫോക്‌ലോർ ഡോക്യുമെന്ററികളും സംവിധാനം ചെയ്തു.
ഗ്രീസ്, ചൈന, പോളണ്ട്, ഇറ്റലി, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, റോം, ജനീവ, ഓക്‌സ്‌ഫഡ് എന്നിവിടങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ജനീവ കേന്ദ്രമായുള്ള ലോക ബൗദ്ധിക സ്വത്തവകാശ സംഘടന നടത്തിയ പാരമ്പര്യ അറിവുകൾ സംബന്ധിച്ച സമ്മേളനത്തിൽ പങ്കെടുത്തു. നാട്ടറിവുകൾ എന്ന 20 പുസ്തകപരമ്പരയുടെ ജനറൽ എഡിറ്ററും കൃഷിഗീതയുടെ എഡിറ്ററുമായിരുന്നു.
തൃശൂർ ശ്രീകേരളവർമ്മ കോളേജിൽ മലയാളം അസോസിയേറ്റ് പ്രൊഫസറും കേരള സർവകലാശാലയിൽ പ്രൊഫസറുമായിരുന്നു. സ്‌കൂൾ ഒഫ് ഡ്രാമയിൽനിന്ന് ഗവേഷണബിരുദം നേടി. പെരുമ്പുള്ളിശ്ശേരിയിലായിരുന്നു ജനനം. ചേർപ്പ് സി.എൻ.എൻ ഹൈസ്‌കൂൾ, തൃശൂർ ഗവ. കോളേജ്, ശ്രീ കേരളവർമ്മ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കണിമംഗലം ശ്രീകാവിലായിരുന്നു താമസം. ഭാര്യ:ശീ തൾ (ഗസ്റ്റ് ലക്ചറർ, കേരളവർമ്മ കോളേജ്, തൃശൂർ) മകൾ: പരേതയായ കാവ്യ.
എല്ലാം കത്തിയെരിയുകയാണ്, അലയുന്നവർ, മുടിയേറ്റ്, നാടോടി നേരരങ്ങ്, കണ്ണാടി നോക്കുമ്പോൾ, ഡയാസ്‌ഫോറ, ഏറുമാടങ്ങൾ, നാട്ടറിവ് 2000 ഇയേഴ്‌സ് ഒഫ് മലയാളി ഹെറിറ്റേജ് തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.
സമ്മർ റെയിൻ, ഹാർവെസ്റ്റിംഗ് ദി ഇന്റിജെനസ് നോളജ് ഒഫ് കേരള പിള്ളേർത്താളം, നാട്ടറിവിന്റെ നിനവ്, ഉപ്പും ചോറും നാട്ടുചരിത്രം, പുഴയുടെ നാട്ടറിവുകൾ തുടങ്ങി 12 പുസ്തകങ്ങളുടെ ജനറൽ എഡിറ്ററാണ്.