
അഹമ്മദാബാദ്: വർഗീയ വിദ്വേഷം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ മതപുരോഹിതനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മൗലവി കമർഗാനി ഉസ്‌മാനിയെ ആണ് ഡൽഹിയിൽ വച്ച് പിടികൂടിയത്.
ജനുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. ഗുജറാത്തിലെ ധൻധുക്കനിൽ ബന്ധുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കിഷൻ ബോലിയ എന്ന 27കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ജനുവരി 6ന് കിഷൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി ചിലർ പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. കിഷനെ കൊലപ്പെടുത്തിയ ഷബിർ ചോപ്ഡ ( 25 ), ഇംതിയാസ് പത്താൻ ( 27 ) എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് അയൂബ് ജവ്‌റവാല എന്ന മതപണ്ഡിതനെ അഹമ്മദാബാദിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. പ്രതികൾക്ക് ആയുധങ്ങൾ കൈമാറിയത് ഇയാളാണ്. കിഷനെ കൊലപ്പെടുത്തിയ പ്രതികളുമായി മൗലവി കമർഗാനി ഉസ്മാനി ഇൻസ്റ്റഗ്രാമിലൂടെ ബന്ധപ്പെട്ടിരുന്നെന്നും മതവികാരം വ്രണപ്പെടുത്തുന്നവർക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തെന്നും പൊലീസ് വ്യക്തമാക്കി.