kerala-olympics

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് തിരുവനന്തപുരത്തും മറ്റ് വേദികളിലുമായി മെയ് ഒന്നുമുതൽ 10 വരെ നടത്തുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് വി.സുനിൽ കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 15 മുതൽ 24 വരെ മത്സരങ്ങൾ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഗെയിംസിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഒളിമ്പിക് എക്സ്പോ ഏപ്രിൽ 29ന് ആരംഭിച്ച് മെയ് 10 ന് അവസാനിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചിട്ടുണ്ട്.

ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 30ന് വൈകിട്ട് 5 .30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, കേരള ഒളിമ്പിക്സിന്റെ രക്ഷാധികാരി നടൻ മോഹൻലാൽ , കായിക രംഗത്തെ വിവിധ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ടോക്കിയോ ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ ആദരിക്കും.
രാജ്യത്ത് ഇതാദ്യമായാണ് സംസ്ഥാന തലത്തിൽ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. ജില്ലാ ഒളിമ്പിക്സ് മത്സരങ്ങളിലെ ജേതാക്കളാണ് സംസ്ഥാന ഒളിമ്പിക്സിൽ മത്സരിക്കുക. എണ്ണായിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുക്കും.
13 ജില്ലകളിൽ ജില്ലാ ഒളിമ്പിക് മത്സരങ്ങൾ പൂർത്തിയായി.

അത്‌ലറ്റിക്സ്, അക്വാട്ടിക്സ്, ആർച്ചറി, ബാസ്കറ്റ്ബാൾ,ബോക്സിംഗ്,സൈക്ലിംഗ്,ഫുട്ബോൾ, ജൂഡോ, നെറ്റ്ബാൾ, തയ് ക്കോണ്ടോ, വോളിബാൾ, ഗുസ്തി, ബാഡ്മിന്റൺ, ഹാൻഡ് ബാൾ, ഖോ ഖോ , കരാട്ടെ, ടേബിൾ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, റൈഫിൾ, വുഷു, ടെന്നിസ്, വെയ്റ്റ് ലിഫ്റ്റിംഗ് എന്നിങ്ങനെ 24 ഇനങ്ങളിലാണു മത്സരം. ഇതിൽ 21 ഇനങ്ങളും തിരുവനന്തപുരത്താണ് നടക്കുന്നത്. ഫുട്ബാൾ എറണാകുളത്തും വോളിബാൾ കോഴിക്കോടും, ഹോക്കി കൊല്ലത്തും നടക്കും.
കേരള ഒളിമ്പിക്സിനോടനുബന്ധിച്ച് സംഘടപ്പിക്കുന്ന സ്പോർട്സ് ഫോട്ടോ വണ്ടിയുടെയും അന്തർദേശീയ കായിക ഫോട്ടോഗ്രാഫി പ്രദർശനത്തിന്റെയും തീയതികളിലും മാറ്റമുണ്ട് . ഏപ്രിൽ 16ന് പി ടി ഉഷയുടെ ജന്മസ്ഥലമായ പയ്യോളിയിൽ നിന്ന് പുറപ്പെടുന്ന ഫോട്ടോ വണ്ടി എല്ലാ ജില്ലകളിലും സന്ദർശിച്ച ശേഷം തിരുവനന്തപുരത്ത് ഏപ്രിൽ 28 ന് സമാപിക്കും. അന്താരാഷ്ട്ര ഫോട്ടോ എക്സ്ബിഷൻ ഏപ്രിൽ 30 ന് ആരംഭിക്കും.

കേരള മീഡിയ അക്കാദമിയും , കേരള പത്രപ്രവർത്തക യൂണിയനും , കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് ഫോട്ടോഗ്രാഫി പ്രദർശനം ഒരുക്കുന്നത്. മാധ്യമപ്രവർത്തകർക്കായി
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ശിൽപ്പശാലയും സംഘടിപ്പിക്കുന്നുണ്ട്.

കേരള ഒളിമ്പിക് അസോസിയേഷൻ ,സെക്രട്ടറി ജനറൽ എസ്. രാജീവ്, ട്രഷറർ എം.ആർ രഞ്‌ജിത് , തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് കെ .എസ് . ബാലഗോപാൽ , ഒളിമ്പിക് എക്സപോ കൺവീനർ എം കെ നാസർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


വരുന്നു സ്കൂൾ ഒളിമ്പിക് ഗെയിംസ്


സ്റ്റേറ്റ്, സിബിഎസ്ഇ , ഐസിഎസ്ഇ , കേന്ദ്രീയ വിദ്യാലയ, നവോദയ എന്നിങ്ങനെ വിവിധ സിലബസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയെല്ലാം ഒരു കുടക്കീഴിലാക്കി സംസ്ഥാന ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കും. സെപ്റ്റംബർ മാസത്തിലാകും മത്സരങ്ങൾ നടത്തുക. നിലവിൽ വിവിധ സിലബസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് ഏകീകൃത കായികമത്സരങ്ങൾ ഇല്ല.

അത്‌ലറ്റിക്സ്, അക്വാട്ടിക്സ്, ആർച്ചറി, ബാസ്കറ്റ്ബാൾ,ബോക്സിംഗ്,സൈക്ലിംഗ്,
ഫുട്ബാൾ, ജൂഡോ, നെറ്റ്ബാൾ, തയ്ക്കൊണ്ടോ, വോളിബാൾ, ഗുസ്തി, ബാഡ്മിന്റൺ, ഹാൻഡ് ബാൾ, ഖോ ഖോ , കരാട്ടെ, ടേബിൾ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, ജിംനാസ്റ്റിക്സ്, ടെന്നിസ്, വെയ്റ്റ് ലിഫ്റ്റിംഗ് , ഫെൻസിംഗ് എന്നിങ്ങനെ 25 ഇനങ്ങളിലാണു മത്സരം. ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവരാകും സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുക്കുക. ഒരോ ജില്ലയിലും പതിനായിരത്തോളം വിദ്യാർത്ഥികൾ സ്കൂൾ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.