jos-

തൃശൂർ: സാക്ഷരതാപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാകുകയും ബീഹാറിലെ സാക്ഷരതാ പ്രവർത്തനത്തിന് ഭാരത് ഗ്യാൻ – വിഗ്യാൻ സമിതിയുടെ സംസ്ഥാന കോ - ഓർഡിനേറ്ററായി നേതൃത്വം നൽകുകയും ചെയ്ത ഫാ. ജോസ് ചിറ്റിലപ്പിള്ളി (71) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് മുണ്ടൂർ പള്ളിയിൽ. രാവിലെ 6.30ന് പ്രീസ്റ്റ് ഹോമിലും തുടർന്ന് മുണ്ടൂർ പുറ്റേക്കരയിലുള്ള സഹോദരന്റെ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

1981- 82 കാലയളവിൽ ഫാ. ജോസ്, തൃശൂർ സെന്റ് തോമസ് കോളേജിൽ എം.എ ഇക്കണോമിക്‌സ് വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐയുടെ ചെയർമാനായിരുന്നു. എം.എ പൂർത്തിയാക്കിയതിനു പിന്നാലെ പള്ളികളുടെ ചുമതലകളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ബൈബിളിനെ സാമൂഹിക - സാംസ്‌കാരിക പോരാട്ടങ്ങൾക്കു വേണ്ടി വ്യാഖ്യാനിക്കുകയും വിമോചനാശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്ത അദ്ദേഹം ഫാ. സ്റ്റാൻ സ്വാമിയുമായും സൗഹൃദത്തിലായിരുന്നു. ഫാ. ജോസ്, വെല്ലൂരിൽ ചികിത്സയിലിരിക്കെ അന്നത്തെ ആർച്ച് ബിഷപ് മാർ ജോസഫ് കുണ്ടുകുളം സന്ദർശിച്ചിരുന്നു. അഞ്ചേരി സൈമൺ ബ്രിട്ടോ അനുസ്മരണ സമിതി അവാർഡ് നല്കി ആദരിച്ചിട്ടുണ്ട്. മറ്റം ചിറ്റിലപ്പിള്ളി വീട്ടിൽ പരേതരായ തോമസ് കത്രീന ദമ്പതികളുടെ മകനാണ്. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് കാമ്പസിലെ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതത്തിലായിരുന്നു.