
 സംഭവം ആറളം ഫാമിൽ, മൂന്നുപേർ ഓടി രക്ഷപ്പെട്ടു
ഇരിട്ടി: കണ്ണൂർ ആറളം ഫാമിൽ ചെത്തു തൊഴിലാളിയായ മട്ടന്നൂർ കൊളപ്പ പാണലാട്ടെ പുതിയപുരയിൽ പി.പി. റിജേഷിനെ (35) കാട്ടാന ചവിട്ടിക്കൊന്നു. തൊഴിലാളികളായ അനൂപ്, സുനിൽകുമാർ, ജയൻ എന്നിവർ ഓടി രക്ഷപ്പെട്ടു. ഫാം ഒന്നാം ബ്ലോക്കിൽ പാലപ്പുഴ ഗേറ്റിനു സമീപം ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. തെങ്ങ് ചെത്താൻ പോകുകയായിരുന്നു നാലുപേരും. കൃഷിയിടത്തിലേക്കുള്ള മൺപാതയിലൂടെ നടക്കുന്നതിനിടെ ആനക്കൂട്ടത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ബഹളം വച്ചു. അതോടെ ആനകൾ കൃഷിയിടത്തിൽ നിന്നും ഏറെ ദൂരത്തേക്ക് മാറി. ആനകളെല്ലാം പോയെന്നുകരുതി മറ്റു മൂന്നു പേർ സംസാരിച്ചു നീങ്ങുകയും അനൂപ് ബൈക്കിൽ ഇവർക്ക് പിന്നാലെയുമായി യാത്ര തുടർന്നു.
പെട്ടെന്ന് കൊക്കോചെടിക്ക് പിന്നിൽ നിന്നിരുന്ന മോഴയാന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആനൂപ് ബൈക്ക് ഉപേക്ഷിച്ച് വന്നഭാഗത്തേക്ക് ഓടി. മറ്റുള്ളവരും ഓടിയെങ്കിലും റിജേഷ് ആനയുടെ മുന്നിൽപ്പെട്ടു. 100 മീറ്ററോളം പിന്തുടർന്നാണ് ആന പിടികൂടിയത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. റിജേഷിനെ അന്വേഷിച്ച് മറ്റുള്ളവർ വരുന്നതിനിടെ ആന വീണ്ടും ഓടിച്ചു. തുടർന്ന് നാട്ടുകാരെ കൂട്ടിയാണ് അവർ സംഭവ സ്ഥലത്തെത്തിയത്. സി.പി.എം മുൻ പാണലാട് ബ്രാഞ്ച് സെക്രട്ടറിയും സി.ഐ.ടി.യു സജീവ പ്രവർത്തകനുമാണ് റിജേഷ്. കെ.ബാലകൃഷ്ണൻ - നളിനി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: രതീഷ്, റിജിന, റിജിഷ.
വനം ഉദ്യോഗസ്ഥരെ തടഞ്ഞു
ആനകളെ പ്രതിരോധിക്കുന്നതിൽ അധികൃതർ വീഴ്ച കാട്ടുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ മണിക്കൂറുകളോളം മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റാൻ അനുവദിച്ചില്ല. പതിനൊന്ന് മണിയോടെ റിജേഷിന്റെ ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ച് പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ ഡി.എഫ്.ഒ കാർത്തിക്കിനെയും ആറളം വൈൽഡ് ലൈഫ് വാർഡനെയും നാട്ടുകാർ തടഞ്ഞുവച്ചു. പന്ത്രണ്ട് മണിയോടെ എം.എൽ.എമാരായ സണ്ണിജോസഫ്, കെ.കെ. ശൈലജ തുടങ്ങിയവർ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഫാമിനുള്ളിലെ മുഴുവൻ കാട്ടാനകളെയും നാളെ തന്നെ കാട്ടിലേക്ക് തുരത്താനുള്ള സംവിധാനം ഒരുക്കാമെന്ന ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.