economic

കൊച്ചി: കൊവിഡ് വകഭേദങ്ങൾ ഇനി തിരിച്ചടിയാകില്ലെന്നും അടുത്തവർഷങ്ങളിലും ഇന്ത്യ ലോകത്തെ അതിവേഗം വളരുന്ന വലിയ സമ്പദ്‌ശക്തിയായി തുടരുമെന്നും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്-2022 വ്യക്തമാക്കി.

മികച്ച മൺസൂൺ, തടസങ്ങളൊഴിയുന്ന വിതരണശൃംഖല, ബാരലിന് 70-75 ഡോളർ നിരക്കിൽ തുടരുമെന്ന് കരുതുന്ന ക്രൂഡോയിൽ വില എന്നിവ നേട്ടമാകും. ഊർജിത കൊവിഡ് വാക്‌സിനേഷൻ, ഈസ് ഒഫ് ഡൂയിംഗ്, കയറ്റുമതിക്കുതിപ്പ്, മൂലധനച്ചെലവിലെ വർദ്ധന എന്നിവയും കരുത്താകും.

വ്യവസായം 11.8 ശതമാനം, കാർഷികം 3.9 ശതമാനം, സേവനം 8.2 ശതമാനം, സാമൂഹികസേവനച്ചെലവ് 8.2 ശതമാനം, സർക്കാർ ഉപഭോഗം 7.6 ശതമാനം, മൊത്തം ഉപഭോഗം 7 ശതമാനം എന്നിവയുടെ വളർച്ചയും ശക്തമായ വിദേശ കരുതൽ ധനവും സ്ഥിരതയുള്ള എഫ്.ഡി.ഐയും ഊർജമാണ്. കയറ്റുമതി 16.5 ശതമാനവും ഇറക്കുമതി 29.4 ശതമാനവും ഇക്കൊല്ലം വളരും.

കൊവിഡിൽ പ്രതിസന്ധിയിലായ ദുർബല മേഖലകൾക്ക് കരുത്തേകാൻ അവതരിപ്പിച്ച ആത്മനിർഭർ ഭാരത് പാക്കേജും സമ്പദ്‌വളർച്ചയുടെ തിരച്ചുകയറ്റത്തിന് താങ്ങായിട്ടുണ്ട്.

ജി.ഡി.പി കുതിക്കും

നടപ്പുവർഷം 9.2 ശതമാനവും 2022-23ൽ 8-8.5 ശതമാനവും വളർച്ചയാണ് സർവേ പ്രവചിക്കുന്നത്. വളർച്ചാപ്രതീക്ഷ:

രാജ്യം 2021 2022 2023

ഇന്ത്യ 9% 9% 9%

അമേരിക്ക 5.9% 3.8% 4.4%

ചൈന 8.1% 4.8% 5.2%

ബ്രിട്ടൻ 7.2% 4.7% 2.3%

ഇറക്കുമതിപ്പെരുപ്പം വില്ലൻ!

റീട്ടെയിൽ നാണയപ്പെരുപ്പം ആശ്വാസനിരക്കിലാണെങ്കിലും മൊത്തവില നാണയപ്പെരുപ്പം തുടർച്ചയായി 10 ശതമാനത്തിനുമേൽ തുടരുന്നത് ആശങ്കയാണെന്നും രാജ്യാന്തര ഇന്ധനവില വർദ്ധന മൂലമുള്ള 'ഇറക്കുമതിപ്പെരുപ്പം" നിയന്ത്രിക്കേണ്ടതാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നുണ്ട്.

സമ്പദ്‌മൂല്യം $5ലക്ഷം കോടിയിലേക്ക്

2025ഓടെ അഞ്ചുലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാകാനായി ഇന്ത്യ അടിസ്ഥാനസൗകര്യ രംഗത്ത് 1.4 ലക്ഷം കോടി ഡോളർ ചെലവാക്കണമെന്ന് സർവേ പറയുന്നു. 2020-25 കാലയളവിലേക്കായി ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ്‌ലൈനിലേക്കായി 111 ലക്ഷം കോടി രൂപയുടെ (1.5 ലക്ഷം കോടി ഡോളർ) പദ്ധതികൾ ഇന്ത്യ ആസൂത്രണം ചെയ്‌തിട്ടുണ്ട്. ഊർജം, റോഡ്, നഗരം, റെയിൽവേ എന്നിവയിലായി 9,000 പദ്ധതികളാണുള്ളത്.

സ്‌റ്റാർട്ടപ്പ് മുന്നേറ്റം

100 കോടി ഡോളറിനുമേൽ നിക്ഷേപമൂല്യമുള്ള (യുണീകോൺ) സ്‌റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാമതാണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് മുന്നിൽ.

 44 യുണീകോൺ കമ്പനികളെ ഇന്ത്യ 2021ൽ സൃഷ്‌ടിച്ചു; ആകെ യൂണികോൺ 83

 2021-22ൽ പുതിയ സ്‌റ്റാർട്ടപ്പുകൾ 14,000.

 ബംഗളൂരുവിനെ (4,514) പിന്തള്ളി ഡൽഹി (5,000) ഏറ്റവുമധികം പുതിയ സ്‌റ്റാർട്ടപ്പുകളെ സൃഷ്‌ടിച്ച നഗരമായി.

ഐ.പി.ഒ തരംഗം

2021 ഏപ്രിൽ-നവംബറിൽ 75 കമ്പനികൾ പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) സമാഹരിച്ചത് റെക്കാഡ് 89,066 കോടി രൂപ.

ഡിജിറ്റൽക്കുതിപ്പ്

ഡിസംബറിൽ യു.പി.ഐ ഇടപാടുകൾ 460 കോടി; ഇടപാട് മൂല്യം 8.26 ലക്ഷം കോടി രൂപ. രണ്ടും റെക്കാഡാണ്.

കുറയുന്ന കിട്ടാക്കടം

ബാങ്കുകളുടെ കിട്ടാക്കടനിരക്ക് 7.5 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി കുറഞ്ഞു. പൊതുമേഖലാ ബാങ്കുകളിൽ 9.4 ശതമാനത്തിൽ നിന്ന് 8.6 ശതമാനമായി.

 ബാങ്ക് നിക്ഷേപത്തിന്റെ ഇൻഷ്വറൻസ് ഒരുലക്ഷം രൂപയിൽ നിന്ന് അഞ്ചുലക്ഷമാക്കിയെങ്കിലും ഇപ്പോഴും മൊത്തം നിക്ഷേപത്തിന്റെ 51 ശതമാനത്തിനു മാത്രമേ പരിരക്ഷയുള്ളൂ. വിവിധ ബാങ്ക് വിഭാഗങ്ങളിലെ ഇൻഷ്വറൻസ് നിക്ഷേപ ഇൻഷ്വറൻസ് കണക്ക്:

 ഗ്രാമീണ ബാങ്കുകളിൽ : 84%

 സഹകരണ ബാങ്കുകൾ : 59%

 എസ്.ബി.ഐ : 59%

 മറ്റ് പൊതുമേഖലാ ബാങ്ക് : 55%

 സ്വകാര്യ ബാങ്കുകൾ : 40%

 വിദേശ ബാങ്കുകൾ : 9%