
ബാങ്കോക്ക്: തായ്‌ലൻഡിലെ മത്സ്യസമ്പത്തിന് കനത്ത ഭീഷണിയുയർത്തി എണ്ണച്ചോർച്ച. ഗൾഫ് ഒഫ് തായ്‌ലൻഡിലെ സ്റ്റാർ പെട്രോളിയം റീഫൈനിംഗ് പബ്ലിക് കമ്പനി ലിമിറ്റഡിന്റെ പൈപ്പിലാണ് ചോർച്ച ഉണ്ടായത്. എണ്ണ ചോർച്ച വേഗത്തിലായതോടെ കടൽത്തിട്ടയുടെ നിറം കറുപ്പായി. ഗുരുതരസാഹചര്യം കണക്കിലെടുത്ത് കിഴക്കൻ തായ്‌ലൻഡ് കടൽത്തീരം ദുരന്തമേഖലയായി പ്രഖ്യാപിച്ചു.
ഏകദേശം ഒന്നരലക്ഷത്തോളം ലിറ്റർ എണ്ണ കടലിലേക്ക് ഒഴുകിയെത്തിയെന്നാണ് വിവരം. മത്സ്യതൊഴിലാളികൾ പ്രദേശം വിട്ടുപോകണമെന്ന് സർക്കാർ നിർദ്ദേശിച്ചു. കരയിലേക്ക് എത്തുന്നതിന് മുമ്പ് ചോർച്ച തടയാനുള്ള ശ്രമത്തിലാണ് അധികൃതർ. ചോർച്ച മത്സ്യസമ്പത്തിന് തകരാറുണ്ടാക്കിയിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് എസ്.പി.ആർ.സിയും അറിയിച്ചു. 20,000 ഓളം ലിറ്റർ എണ്ണ കടലിൽ ബാക്കിയുണ്ടെന്നും ഇത് ഉടനെ നീക്കം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
സാധാരണയായി കപ്പലിൽ നിന്നുള്ള എണ്ണ ചോർച്ചയും മറ്റും കടലിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകാറുണ്ട്. എണ്ണയുമായി സമ്പർക്കത്തിലെത്തുന്ന മത്സ്യങ്ങൾക്ക് വളർച്ചാതടസം, കരൾ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ കാണപ്പെടാറുണ്ട്.