
ബ്രിഡ്ജ്ടൗൺ: അഞ്ചാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ളണ്ടിനെ 17 റൺസിന് തകർത്ത വെസ്റ്റ് ഇൻഡീസ് 3-2ന് പരമ്പര സ്വന്തമാക്കി. തുടർച്ചയായി നാലുപന്തിൽ വിക്കറ്റ് വീഴ്ത്തിയ ജേസൺ ഹോൾഡറിന്റെ മികവിലാണ് വിൻഡീസ് വിജയം ആഘോഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 180 റൺസ് ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 19.5 ഓവറിൽ 162 റൺസിന് ആൾഔട്ടാവുകയായിരുന്നു. 20-ാം ഓവറിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് പന്തുകളിൽ വിക്കറ്റ് വീഴ്ത്തിയാണ് ഹോൾഡർചരിത്രം കുറിച്ചത്. വെസ്റ്റ് ഇൻഡീസിനായി തുടർച്ചയായി നാലുപന്തുകളിൽ വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ താരമാണ് ഹോൾഡർ സ്വന്തമാക്കി. ഹോൾഡറാണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ സിരീസും.
ക്രിസ് ജോർദാൻ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്, സാം ബില്ലിംഗ്സ് എന്നിവരെയാണ് തുടർച്ചായ നാല് പന്തുകളിൽ ഹോൾഡർ മടക്കിയത്. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാൻ ഹോൾഡറിന് സാധിച്ചു. മത്സരത്തിൽ 2.5 ഓവറിൽ 27 റൺസ് വിട്ടുനൽകി ഹോൾഡർ അഞ്ചുവിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. 41 റൺസെടുത്ത കെയ്റോൺ പൊള്ളാർഡും 35 റൺസെടുത്ത റോവ്മാൻ പവലും 34 റൺസ് നേടിയ ഓപ്പണർ ബ്രാൻഡൺ കിംഗും വിൻഡീസിനുവേണ്ടി തിളങ്ങി. ഇംഗ്ലണ്ടിനായി ആദിൽ റഷീദും ലിയാം ലിവിംഗ്സ്റ്റണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
180 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനായി ജെയിംസ് വിൻസ് 35 പന്തുകളിൽ നിന്ന് 55 റൺസെടുത്തു. 41 റൺസെടുത്ത സാം ബില്ലിംഗ്സും മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഹോൾഡർക്ക് പുറമേ വിൻഡീസിനായി അകിയൽ ഹൊസെയ്ൻ നാല് വിക്കറ്റ് സ്വന്തമാക്കി.
വിൻഡീസ് ഇനി ഇന്ത്യയിലേക്ക്
ഇംഗ്ളണ്ടിനെതിരെ ട്വന്റി-20 പരമ്പര നേടിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ലിമിറ്റഡ് ഓവർ പരമ്പരകൾക്കായി ഇന്ത്യയിലേക്കെത്തും. മൂന്നുവീതം ഏകദിനങ്ങളുടെയും ട്വന്റി-20കളുടെയും പരമ്പരയാണ് ഇന്ത്യയുമായി കളിക്കുന്നത്.ഈ മാസം 6,9,11 തീയതികളിലായി അഹമ്മദാബാദിലാണ് ഏകദിനങ്ങൾ.16,18,20 തീയതികളിലായി കൊൽക്കത്തയിൽ ട്വന്റി-20കൾ നടക്കും.
വെസ്റ്റ് ഇൻഡീസ് ടീം : കെയ്റോൺ പൊള്ളാഡ് (ക്യാപ്ടൻ), കെമർ റോച്ച്, ബോണർ, ബ്രാൻഡൺ കിംഗ്, ഫാബിയൻ അലൻ, ഡാരൻ ബ്രാവോ, ഷമർ ബ്രൂക്‌സ്, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, അകിയൽ ഹൊസെയ്ൻ, അല്‍സാരി ജോസഫ്, നിക്കോളാസ് പുരാൻ, റൊമാരിയോ ഷെപ്പേർഡ്, ഓഡിയൻ സ്മിത്ത്, ഹെയ്ഡൻ വാൽഷ് ജൂനിയർ.